10.4.07

അത്ഭുത ജലപ്രവാഹം

റോഡിന്റെ ഒരുവശം ഒരാള്‍ ആഴത്തില്‍ കീറി കോണ്‍ക്രീറ്റ്‌ പൈപ്പ്‌ കുഴിച്ചിട്ടിട്ട്‌ നാളുകളായി. എല്ലാവര്‍ക്കും സര്‍ക്കാര്‍ വക കുടിവെള്ളം കിട്ടുമല്ലോ എന്നറിഞ്ഞാപ്പോള്‍ പൈപ്പ്‌ലൈന്‍ കുഴിയില്‍ വീണ്‌ നട്ടെല്ലിന്‌ പരിക്ക്‌ പറ്റിയിട്ടും മമ്മ്വാക്ക അതൊരുകാര്യമാക്കിയില്ല. കുര്‍ച്ചുനാളുകള്‍ക്കു ശെഷം വീണ്ടും റോഡിന്റെ മറുവശം കീറാന്‍ തുടങ്ങി. അപ്പോഴും അയാളാശ്വസിച്ചു ആദ്യത്തെ പൈപ്പിട്ടത്‌ ഉയര്‍ന്ന സ്ഥലമായ ചേളാരിയില്‍പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ ജലസംഭരണിയിലേക്ക്‌ വെള്ളമെത്തിക്കാനായിരിക്കും ഇപ്പോള്‍കീറുന്നത്‌ അവിടെ നിന്ന് ശുദ്ധീകരിച്ച വെള്ളം നമുക്ക്‌ വിതരണം ചെയ്യാനുമായിരിക്കും .

പക്ഷെ എത്രചിന്തിച്ചിട്ടും മമ്മ്വാക്കാക്ക്‌ ഒരുകാര്യം പിടികിട്ടിയില്ല. മൂപ്പര്‍ ഉപ്പും പെട്ടിസഭയില്‍ കാര്യം അവതരിപ്പിച്ചു. (ഉപ്പും പെട്ടിസഭയെന്നാല്‍ പടിക്കലിലെ സീനിയര്‍ സിറ്റീസണ്‍സിന്റെ ഒരുകൂട്ടായ്മയാണ്‌.ഒരുപലചരക്കു കടക്കാരന്‍ പണ്ട്‌ ഉപ്പ്‌ സൂക്ഷിക്കാന്‍ നിര്‍മ്മിച്ച വലിയ പത്തായം പോലുള്ള മരപ്പെട്ടിയാണ്‌ ഉപ്പുംപെട്ടി. പിന്നീട്‌ ഉപ്പെല്ലാം പാക്കറ്റിലായപ്പോള്‍ അയാള്‍സ്ഥലം മുടക്കിയായ ഈപെട്ടി പുറത്ത്‌ ഉപേക്ഷിച്ചു. ഇത്‌ സീനിയര്‍ സിറ്റീസണ്‍സ്‌ കയ്യേറി അവരുടെ താവളമാക്കിയതാണ്‌ അതിന്‌ മുകളില്‍ ചന്തിയോട്‌ ചന്തിയുരുമ്മിയിരുന്നവര്‍ ഈഭൂമിമലയാളത്തിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചചെയ്ത്‌ കമന്റിടും)

'അല്ല ഈരണ്ടുപൈപ്പുകളും ക്കൂടി ഒരു കുയ്യീല്‌ ട്ടാപ്പോരെ? എന്തിനാ മന്‌സനെ മെനക്കെട്ത്താന്‍ ബീണ്ടും കുയിക്ക്‍ണ്?'
മമ്മ്വാക്കന്റെ ചോദ്യത്തിന്‌ മറുപടി പറഞ്ഞത്‌ സൂപ്പിക്കയാണ്‌. 'എടാമമ്മ്വോ അതാപറയിണത്‌ അനക്കൊന്നും ഉലകം തിരിഞ്ഞിട്ട്‌ല്ലാന്ന്. അങ്ങട്ട്‌ ബെള്ളംകൊണ്ടകാനുള്ള പൈപ്പ്‌ ജപ്പാന്‍ കാര്‌ടെ സഹായത്തോടേണ്‌ കുയിച്ചിട്ടത്‌ ഞമ്മക്ക്‌ ബെള്ളം തരാനുള്ള പൈപ്പ്‌ ഞമ്മളുടെ ഗവേര്‍മണ്ടിന്റ ബകിം.അപ്പം ഒരുകുയ്യീല്‌ രണ്ട്‌ പൈപ്പുംട്ടാല്‍ ജപ്പാന്‍ കാര്‌ കായിതരൂലാ!

സൂപ്പിക്ക എഴുത്തും വായനയും പഠിച്ചത്‌ സാക്ഷരതാ ക്ലാസില്‍നിന്നാണെങ്കിലും മൂപ്പരുടെ യോഗ്യത എല്‍.പി യാണ്‌(ലോകപരിചയം)അതുകൊണ്ട്‌ സൂപ്പിക്കയുടെ പാണ്ഡിത്യത്തെ അവിടെ ആരും ചോദ്യം ചെയ്യാറില്ല.

അതുവരെ മിണ്ടാതിരുന്ന ബീരാന്‍ക്ക ചര്‍ച്ചയിലിടപെട്ടു. 'ജ്ജെന്തിനാ കമ്മ്വോ കുയ്യെണ്ണ്‍ണ്‌? അപ്പം തിന്നാപോരെ? അടുത്തബേനലില്‍ ഞമ്മക്ക്‌ കുടിബെള്ളത്തിന്‌ യാതൊരു പഞ്ഞും ണ്ടാവൂലാ.

എന്തും രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്ന അസയിനാര്‍ക്കാന്റെ തായിരുന്നു അടുത്ത കമന്റ്‌ 'ഒക്കെ ഞമ്മള്‍ടെ എമ്മല്ലെ മണ്ടിപ്പാഞ്ഞ്‌ സെര്യാക്കീതാ ഭരണം മറ്റോല കയ്യീലാണെങ്കി ഞമ്മക്കിത്‌ ബല്ലോം കിട്ട്വോ?'

അവരുടെ മുന്നിലൂടെ ഖദീസ താത്ത ഗജതുല്ല്യമായ തന്റെ ശരീരവും കുലുക്കി ബസ്റ്റോപ്പ്‌ ലക്ഷ്യമാക്കി നീങ്ങുന്നത്‌ കണ്ടപ്പോള്‍ ചര്‍ച്ചകള്‍ ആശരീരത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ കടന്നുപോയി.

നാളുകള്‍ കടന്നുപോയി.കൊടും വേനലാരംഭിച്ചു. പലകിണറുകളും വറ്റി. സര്‍ക്കാരിന്റെ വെള്ളം പ്രതീക്ഷിച്ചവര്‍ക്ക്‌ കുഴിച്ചുമൂടപ്പെട്ട പൈപ്പുകളില്‍നിന്ന് മുളച്ചുപൊങ്ങിയ ടാപ്പുകളില്‍നിന്ന് ഏതുനേരവും ഫ്രീയായി കടലിരമ്പം മാത്രം കേട്ടു.

ടാപ്പുകള്‍സ്ഥാപിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ്‌ കുറ്റിയും കൊട്ടത്താളവും ചൊവ്വാഴ്ച ചേളാരി ചന്തക്ക്‌ കൊണ്ടുപോകുന്ന പോത്തുകളെ കെട്ടിയിടാന്‍ മാത്രം ഉപകരിച്ചു.

അങ്ങനെ യിരിക്കെ ഉപ്പുംപെട്ടി സഭയില്‍ ഒരു അത്ഭുതവാര്‍ത്തയെത്തി. ഈകൊടും വേനലില്‍ കുയിമ്പാട്ടുപാടത്ത്‌ അത്ഭുത ജലപ്രവാഹം!
കാതുകള്‍കാതുകള്‍കയ്മാറി വാര്‍ത്ത നാടുനീളെ പരന്നു. ഓട്ടം കിട്ടാതെ ചൊറിയും കുത്തിയിരുന്നിരുന്ന ഓട്ടോക്കാര്‍ക്കും ജീപ്പ്പുകാര്‍ക്കുമെല്ലാം വന്‍തിരക്കായി ജനം കുയിമ്പാട്ടുപാടത്തേക്ക്‌ ഒഴുകുകയാണ്‌.

കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ചു. തൊട്ടടുത്ത കുഴികളും കിണറുകളുമെല്ലാം വറ്റിവരണ്ടുകിടക്കുമ്പോള്‍ കുഴിമ്പാട്ടുപാടത്തിന്റെ ഒരു മൂലയില്‍ മാത്രം തെളിഞ്ഞവെള്ളം പൊട്ടിയൊഴുകുന്നു.

ആരോപറഞ്ഞു.മൂസാലൊടിയിലെ ബീവി ഇവിടെ വന്ന് എന്തോമന്ത്രിച്ചുപോയതിനു ശേഷമാണ്‌ ഈപ്രവാഹമുണ്ടായത്‌. മറ്റൊരാള്‍ കുടിച്ചുനോക്കിയിട്ട്‌ പറഞ്ഞു. ഇതിന്‌ സംസം വെള്ളത്തിന്റെ അതേടേസ്റ്റ്‌!.

ജനം അത്ഭുതത്തിന്റെ പരകോടിയിലെത്തി.'എന്ത്‌? നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മക്കയിലെ സഫാമര്‍വാ മലകളുടെ കീഴില്‍ ഇബ്രാഹീം പുത്രന്‍ ഇസ്മാഈല്‍ ദാഹിച്ചുവലഞ്ഞു കാലിട്ടടിച്ചപ്പോള്‍ പൊട്ടിയൊഴുകിയ ആപുണ്യ ജലപ്രവാഹം കുഴിമ്പാട്ടുപാടത്തേക്ക്‌ വഴിമാറ്റി ഒഴുകിക്കാന്‍ മാത്രം ശക്തിയോ ഈ മൂസാലൊടി ബീവിക്ക്‌?

(പക്ഷെ അവസരം മുതലാക്കാന്‍ മൂസാലൊടിബീവിക്കായില്ല അവര്‍ നാഗൂരിലേക്ക്‌ തീര്‍ത്ഥാടനത്തിന്‌ പോയതായിരുന്നു.)

പിന്നെ ജനങ്ങള്‍ ഒന്നടങ്കം കന്നാസുകളുമായി വന്ന് ജലം ശേഖരിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. പടിക്കലങ്ങാടിയിലെ കടകളില്‍ പ്ലാസ്റ്റിക്‌ കാനുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.വാര്‍ത്ത പത്രത്തില്‍കൂടിവന്നതോടെ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ്‌ രംഗത്തിറങ്ങി.ക്യൂ സിസ്റ്റം നടപ്പിലാക്കിയതോടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂ നിലവില്‍ വന്നു.ഇടക്ക്‌ ഇടയില്‍കൂടലും ഉന്തും തള്ളുമെല്ലാം നടന്നു. പോലീസ്‌ സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ലെന്ന് മാത്രം.

വെള്ളം കിട്ടിയവരെല്ലാം ഭക്തിപുരസ്സരം വീടുകളില്‍ സൂക്ഷിച്ചുവച്ചു.അസുഖമുള്ളവര്‍ക്കെല്ലാം കുടിപ്പിച്ചു. പലര്‍ക്കും ആശ്വാസം!
കന്നാസ്‌ കച്ചവടം നടത്തി പടിക്കലെ കച്ചവടക്കാരും ഭക്തരെ കൊണ്ടുപോയി ഓട്ടോക്കാരും ജീപ്പുകാരും കുട്ടിപ്പുരയുണ്ടാക്കി മിഠായിയും നാരങ്ങാവെള്ളവുമെല്ലാം വിറ്റ്‌ കുട്ടികളുമെല്ലാം നന്നായി സമ്പാദിച്ചു.
ടൂറിസത്തെ എതിര്‍ത്തവരുടെയെല്ലാം നാക്കിറങ്ങിപ്പോയി. പലനാട്ടില്‍ നിന്നും ആളുകള്‍ നമ്മുടെ നാട്ടിലേക്ക്‌ വന്നാല്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന സാമ്പത്തികഗുണം അങ്ങനെ എല്ലാവര്‍ക്കും ബോധ്യമായി.

അങ്ങനെ അപ്രതീക്ഷിത മായി കയ്‌ വന്ന ഐശ്വര്യത്തില്‍ നാട്ടുകാര്‍ മതിമറന്നുനില്‍ക്കുമ്പോഴാണ് ഒരുദിവസം കുറേബാഗുകളും തൂക്കിപ്പിടിച്ചുകൊണ്ട്‌ ജിയോളജിക്കല്‍സര്‍വെക്കാര്‍ അവിടെ വന്നത്‌.

അവര്‍ നേരെ അദ്ഭുത ജലപ്രവാഹത്തിനടുത്തെത്തി ചില യന്ത്രങ്ങളെല്ലാം വച്ച്‌ പരിശോധിച്ചു. എന്നിട്ട്‌ എന്തോ വെളിപാട്‌ കിട്ടിയപോലെ നേരെ ചേളാരിയിലെ വാട്ടര്‍ അതോരിറ്റിയുടെ ജലസംഭരണിയിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്ന പാറക്കടവ്‌ പുഴയിലെ പമ്പ്‌ ഹൗസിലേക്ക്‌ പോയി.

അവിടെനിന്നും വെള്ളം പമ്പ്‌ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ചേളാരിയിലെ ജലസംഭരണിയില്‍ കയറിനോക്കി.
അത്ഭുതം! അരമീറ്റര്‍ വ്യാസമുള്ള പൈപ്പിലൂടെ ദിവസങ്ങള്‍ വെള്ളം പമ്പ്‌ ചെയ്തിട്ടും സംഭരണിയില്‍ ഒരുതുള്ളി വെള്ളവും എത്തിയിട്ടില്ല!.
ഭൂമിക്കടിയിലെ പൈപ്പ്‌ പൊട്ടിയൊലിച്ചവെള്ളം താഴ്‌ന്ന പ്രതേശമായ കുഴിമ്പാട്ടുപാടത്ത്‌ പൊട്ടിയൊലിച്ചതാണെന്നറിഞ്ഞതോടെ വീടുകളില്‍ ഭക്തി ആദരവുകളോടെ കന്നാസുകളില്‍ സൂക്ഷിച്ച വെള്ളം എല്ലാവരും ആരും കാണാതെ പുറത്തേക്ക്‌ മറിച്ചുകളഞ്ഞു.
അന്ന് ഉപ്പും പെട്ടിസഭയില്‍ ചര്‍ച്ച മുഴുവനും അതായിരുന്നു.അസൈനാര്‍ക്കയാണ് കമന്റുന്നത്‌.

'ഞാനന്നേപറഞ്ഞതാണ്‌ അത്‌ സംസംബെള്ളൊന്ന്വല്ലാ ഏതോഒറവ്‌ ബയ്യ് തെറ്റി ബന്നതാണ്‌ന്ന്'

സൂപ്പിക്കയും കമന്റി.‘ഇന്‍ക്കത്‌ ആദ്യേതോന്നീതാ...ഞാന്‍പറഞ്ഞീല്ലാന്നേള്ളൂ.
‘(പനിയുണ്ടായിരുന്ന തന്റെ പേരക്കുട്ടിക്ക്‌ ആവെള്ളം കൊടുത്തിട്ട്‌ വയറ്റ്ന്നുപോക്ക്‌ കൂടെ വന്ന് ആശുപത്രിയില്‍ ചെലവായ പണത്തിന്റെ ബില്ല് അപ്പോഴും അയാളുടെ പോക്കറ്റിലുണ്ടായിരുന്നു.)

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]