25.3.07

മൂഷികവധം(ശ്രമം)

പടിക്കല്‍ അങ്ങാടിയുടെ പിതാവ്‌ എന്നറിയപ്പെടുന്ന മാന്ന്യ ദേഹമാണ് ശ്രീമാന്‍ മുലുഭായ്‌. മുലുഭായുടെ അനാദിക്കടയുടെ ഷട്ടര്‍ ഉയരുന്നതോടെ പടിക്കലങ്ങാടി ഉണരുന്നു. ഷട്ടര്‍ താഴുന്നതോടെ പടിക്കലങ്ങാടി ഉറങ്ങുന്നു. ഇതാണ്‌ പ്രാചീന കാലം മുതലുള്ള പടിക്കലങ്ങാടിയുടെ കീഴ്‌വഴക്കം.

അങ്ങാടിയില്‍ മുറുക്കാന്‍,ചുണ്ണാമ്പ്‌ ഹോള്‍സെയിലായും റീട്ടെയിലായും വില്‍ക്കപ്പെടുന്ന ഒരേ ഒരു പീടിക മുലുഭായുടെ പീടിക മാത്രം. ഒരുപാട്‌ തലമുറകള്‍ക്ക്‌ മുറുക്കി ച്ചുവപ്പിക്കാനും തുപ്പി നാറ്റിക്കാനും മുറുക്കാനും, കുരച്ച്‌ കുരച്ച്‌ കഫം തുപ്പാന്‍ സിഗരറ്റ്‌, ബീഢികളും വിറ്റ്‌ മുലുഭായ്‌ എന്ന വയോവൃദ്ധന്‍ പടിക്കലങ്ങാടിയുടെ പിതാവായ്‌ വാഴവെ അത്‌ സംഭവിച്ചു.

മറ്റൊന്നുമല്ല എലിശല്ല്യം, കടുത്ത എലിശല്ല്യം. മുലുഭായുടെ ഇടനെഞ്ച്‌ പൊട്ടുംവിധം നാശനഷ്ടങ്ങള്‍ ഓരോദിവസവും കടയില്‍ സംഭവിച്ചുകൊണ്ടിരുന്നു.പിന്നെ ഒന്നും നോക്കിയില്ല. എലിയെ പിടിക്കാന്‍ എലിക്കെണിതയ്യാറാക്കിവെച്ച്‌ മുലുഭായ്‌ ഷട്ടറിട്ടു. അതോടെ അങ്ങാടി ഗാഢനിദ്രയിലേക്ക്‌ വഴുതി.

പിറ്റേദിവസം രാവിലെ കാക്കനിലത്തിറങ്ങും മുമ്പെ മുലുഭായ്‌ പീടികയിലെത്തി. കര്‍ണകഠോരമായ ശബ്ദത്തില്‍ ഷട്ടര്‍ ഉയര്‍ന്നു. മുലുഭായ്‌ ആദ്യം നോക്കിയത്‌ എലിക്കെണിയിലേക്ക്‌. വിഷുക്കണികണ്ട ബാലനെപ്പോലെ മുലുഭായ്‌ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി. ദേകിടക്കുന്നു പെരിച്ചാഴിയോളം പോന്നൊരു മൂഷികന്‍ കെണിയില്‍!

വധം നടപ്പിലാക്കാന്‍ അദ്ധേഹത്തിന്റെ കൈകള്‍തരിച്ചതാണ്‌. പക്ഷെ അദ്ധേഹം തീരുമാനിച്ചു. ഇവനെ കൊല്ലുന്നതിന്‌ നാട്ടുകാര്‍ ദൃക്സാക്ഷികളാകണം. ഒരുനൂറ്‌ പേരുടെയെങ്കിലും മുന്നില്‍ വെച്ചായിരിക്കണം ഈക്രൂരനാം മൂഷികന്റെ അന്ത്യം. വര്‍ദ്ധിച്ച കോപത്തോടെ പാക്കുവെട്ടികൊണ്ട്‌ എലിയെ കുത്തുനോവിച്ചുകൊണ്ട്‌ അങ്ങാടിയില്‍ ആളുകൂടുന്നതും കാത്ത്‌ അക്ഷമയോടെ അയാളിരുന്നു.


ഇന്ത്യന്‍ സമയം 8-15 അങ്ങാടിസജീവം, മുലുഭായ്‌ മൂഷികനടങ്ങിയ കൂടുമായി റോഡരികിലേക്ക്‌ നീങ്ങി. കൂട്‌ ഉയര്‍ത്തിപ്പിടിച്ച്‌ ജനശ്രദ്ധയെ ആകര്‍ഷിച്ചു. ശേഷം ഒരു വലിയ കാലിച്ചാക്കിലേക്ക്‌ കൂട്‌ തുറന്നു.ഇപ്പോള്‍ മൂഷിക വിദ്വാന്‍ ചാക്കിനകത്ത്‌.നാട്ടുകാരൊന്നടങ്കം മൂഷികവധം കാണാനൊത്തുകൂടിയിട്ടുണ്ട്‌.

മൂഷികനെ അടക്കം ചെയ്ത ചാക്കിന്റെ വായ് ഭാഗം കൂട്ടിപ്പിടിച്ചുകൊണ്ട്‌ നെഞ്ചുംവിരിച്ച് മുലുഭായ്‌ റോഡിലേക്ക്‌ നടന്നു.പിന്നെ മുഴുവന്‍ കരുത്തുംകൈകളിലേക്കാവാഹിച്ച്‌ ചാക്ക്‌ റോഡില്‍ ആഞ്ഞടിച്ചു. ഒരിക്കലല്ല ഒരിരുപത്തഞ്ചോളം തവണ.

എലിയല്ല ചാക്കില്‍ പുലിയാണെങ്കിലും ചത്ത്‌ ചമ്മന്തിപ്പരുവമാകും.ആവിധമാണ്‌ ഓരോഅലക്കും ഇഷ്ടന്‍ അലക്കുന്നത്‌. അടി നിവര്‍ത്തി മുലുഭായ്‌ നടുനിവര്‍ത്തി പിന്നെ പാമ്പൂതുന്ന ശക്തിയില്‍ നാലഞ്ചുതവണ ശ്വാസോഛ്വാസം ചെയ്ത്‌,കൂടിനില്‍ക്കുന്ന നാട്ടുകരെ നോക്കി ഒരു ചിരിചിരിച്ചു. ഒരുസാമ്രാജ്യം കീഴടക്കിയ കൊലച്ചിരി!

അങ്ങാടിയിലെ എല്ലാകണ്ണുകളും മൃതശരീരം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുമ്പോള്‍ ഒരു ജേതാവിന്റെ നാട്യത്തോടെ മുലുഭായ്‌ കാണികള്‍ക്ക്‌ മുന്നില്‍ ചാക്ക്‌ കമിഴ്ത്തി. പെട്ടെന്നാകാഴ്ച്ചകണ്ട്‌ മുലുഭായ്‌ തലകറങ്ങി വീണു. നാട്ടുകാര്‍ ആര്‍ത്താര്‍ത്തുചിരിച്ചു.

സംഗതി മറ്റൊന്നുമല്ല. ചാക്ക്‌ ആഞ്ഞ്‌ നിലത്തടിക്കുമ്പോള്‍ ചാക്കിന്റെ വായ്‌ കൂട്ടിപ്പിടിച്ച സുരക്ഷിതഭാഗത്ത്‌ മൂഷികവിദ്വാന്‍ നേരത്തേ കടിച്ചു തൂങ്ങി നിലയുറപ്പിച്ചിരുന്നു. ചാക്ക്‌ കമിഴ്ത്തിക്കുടഞ്ഞതും ജീവനും കൊണ്ടവന്‍ മുലുഭായുടെ കടയിലേക്ക്‌ തന്നെ ഓടിക്കയറിയിരുന്നു.


20.3.07

നവ കുടിയന്മാര്‍

എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞു ഫലം കാത്തിരിക്കുകയാണവര്‍ മൂന്നുപേരും .മൂന്നുദേഹവും ഒരുമനസ്സും പോലെയാണവര്‍.

എല്ലാ കൊച്ചു തെമ്മാടിത്തരങ്ങളും ചെയ്തു പരീക്ഷിച്ചെങ്കിലെ യഥാര്‍ത്ഥ പൗരന്മാരാകൂ എന്ന അത്യുന്നത മൂല്യബോധം അവര്‍ക്ക്‌ കൈവന്നിട്ട്‌ നാളുകളേറെയായി.

പരീക്ഷകഴിഞ്ഞിട്ട്‌ അവനടപ്പില്‍ വരുത്താനവര്‍ തീരുമാനിച്ചതനുസരിച്ച്‌ അവര്‍ പലനാള്‍ അങ്ങാടിയിലെ ബില്‍ഡിംഗിന്റെ മുകളില്‍ ഒത്തുകൂടി അങ്ങിനെ സിഗരറ്റ്‌ വലി,ആംഗലേയത്തിലെ ആദ്യാക്ഷരം വട്ടത്തിനുള്ളിലെഴുതിയ ചലചിത്രങ്ങള്‍ തുടങ്ങിയവ അവര്‍ പരീക്ഷിച്ചുകഴിഞ്ഞു.

ഇനിയടുത്ത പരീക്ഷണം മദ്യപാനംതന്നെയാവട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത അവര്‍ മദ്യപിച്ചാലെന്തുണ്ടാകും എന്നതിനേക്കുറിച്ചൊരു ചര്‍ച്ച തന്നെ നടത്തി.

പടിക്കല്‍ അങ്ങാടിയിലൂടെ മദ്യപിച്ച്‌ പരസ്യമായി നടക്കാന്‍ ഇതുവരെ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല. നാട്ടുകാരറിഞ്ഞാല്‍ തല്ലി കൈകാലൊടിക്കും വീട്ടുകാരറിഞ്ഞാല്‍ പിന്നെ വീട്ടിലേക്കുള്ള വഴി മറക്കാം.

പുറം നാടുകളില്‍ പോയി കുടിപഠിച്ചെത്തിയവര്‍ രഹസ്യമായി കോഴിക്കോടോ മറ്റോപോയാണ്‌ കുടിക്കുന്നത്‌.

അടുത്തൊന്നും ബാറുകളൊന്നുമില്ല. പത്ത്‌ പന്ത്രണ്ട്‌ കിലോമീറ്റര്‍ദൂരെ ചെമ്മാട്ടാണ്‌ ഒരു ബാറുള്ളത്‌.അവിടെപോയി മദ്യപിച്ചാല്‍ ആരെങ്കിലും കാണാതിരിക്കില്ല.വ്യാപാരകേന്ദ്രവും നിരവധി ആശുപത്രികളുമുള്ള ചെമ്മാട്ട്‌ പടിക്കല്‍ കാരുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. മാത്രമല്ല കൊച്ചുകുടിയന്മാരായതിനാല്‍ ബാറുകാര്‍ ഇന്റര്‍വ്യു ചെയ്യാനും സാധ്യതയുണ്ട്‌.

തലപുകഞ്ഞവസാനം അവരൊരുതീരുമാനത്തിലെത്തി.മറ്റൊരാള്‍ക്കെന്ന ഭാവത്തില്‍ ചെമ്മാട്‌ ബാറില്‍ നിന്നും പാര്‍സല്‍ വാങ്ങി രഹസ്യമായി നമുക്ക്‌ തൊട്ടടുത്ത പ്രദേശമായ ചേളാരിയിലെ IOCയുടെ ഗ്യാസ്‌ കമ്പനിയുടെ പുറകിലെ വിശാലമായ വെളിമ്പ്രദേശത്ത്‌ ചെന്നിരുന്നടിക്കാം.

പക്ഷെ ഏത്‌ ബ്രാന്‍ഡാവാങ്ങുക?ബ്രാണ്ടിയോ വിസ്കിയോ? ഒരാള്‍പറഞ്ഞു ജിന്നാനല്ലത്‌ അതിന്‌ മണമില്ലെന്നാകേള്‍ക്കുന്നത്‌.
കൂട്ടത്തില്‍ തലമുതിര്‍ന്നയാള്‍പറഞ്ഞു എടാ നമ്മളാദ്യമായിട്ടല്ലെ കഴിക്കുന്നത്‌? ബ്രാണ്ടിയും വിസ്കിയുമെല്ലാം കഴിച്ചാല്‍ ഉടന്‍ പൂസായി വീഴും. നമുക്ക്‌ ബിയറില്‍ തുടങ്ങാം അതിന്‌ ചെറിയ കിക്കേ ഉള്ളൂ എന്നാകേള്‍ക്കുന്നത്‌.എന്നിട്ട്‌ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക്‌ ബ്രാണ്ടിയും വിസ്കിയുമെല്ലാം പരീക്ഷിക്കാം.എല്ലാവരും അതംഗീകരിച്ചു.

അന്ന് വയ്കുന്നേരം ഏഴ്‌ മണിക്ക്‌ മൂവരും ചെമ്മാട്‌ ബാറില്‍ ഒരു തുണിസഞ്ചിയുമായി പാത്തുപതുങ്ങിയെത്തി മൂന്ന് കുപ്പി ബിയറും വാങ്ങി ചേളാരിയിലേക്ക്‌ ബസ്‌ കയറി.

ഗ്യാസ്‌ കമ്പനിയുടെ പുറകില്‍ ആദ്യം ഒരു അവലോകനം നടത്തി. നാട്ടുകാരായ നല്ലവരും ചീത്തകളുമായ യുവാക്കള്‍ അവിടവിടെ യായി കൂട്ടം കൂടിയിരുന്ന് സൊറപറയുന്നു. രാത്രിയായാല്‍ ഇതിവിടുത്തെ സ്ഥിരം കാഴ്ച്കയാണ്‌.

അവരാരും കാണാത്ത ഗ്യാസ്‌ കമ്പനിയുടെ ടവറില്‍ നിന്നും വെളിച്ചം വന്നുപതിയാത്ത ഒരു കുറ്റിക്കാട്ടിനുപിന്നില്‍ അവര്‍ ചെന്നിരുന്നു.

അപ്പോഴാണ്‌ അവര്‍ക്കൊരുകാര്യം ഓര്‍മ്മവന്നത്‌.ഈബിയര്‍കുപ്പി എങ്ങിനെ തുറക്കും?ഓപ്പണറില്ല കയ്യില്‍ മറ്റുതുറക്കാന്‍ പറ്റുന്ന ഉപകരണങ്ങളൊന്നുമില്ല മൂന്നുപേരും കടിച്ചുതുറക്കാന്‍ നോക്കി നടക്കുന്നില്ല.

ഒരാള്‍പര്‍ഞ്ഞു നന്നായി കുലുക്കിയിട്ട്‌ ഒരുകല്ലിന്റെവശത്ത്‌ മൂടിഭാഗം വച്ചിട്ട്‌ ഒന്നമര്‍ത്തിയാല്‍ മതി തുറക്കും .

പക്ഷെ സംഗതി സോഡപൊട്ടിക്കും പോലെ എളുപ്പമാണെന്ന് കരുതിയ അവര്‍ക്ക്‌ തെറ്റി എന്ത്ചെയ്തിട്ടും തുറക്കുന്നില്ല.

അവസാനം മുന്നില്‍ കണ്ടകല്ലില്‍ കുപ്പിയുടെമൂടിഭാഗം വച്ച്‌ മറ്റൊരു കല്ലെടുത്ത്‌ ഒരുത്തന്‍ ഒരു കുത്ത്‌.ഠിം! വന്‍ ശബ്ദത്തില്‍ ബിയര്‍കുപ്പി പൊട്ടിത്തെറിച്ചു.

അപ്പുറത്തും ഇപ്പുറത്തുമെല്ലാം ഇരുന്ന് സൊറപറയുന്നവര്‍ ശബ്ദം കേട്ട്‌ ഓടിയടുത്തു.ആരാടാ... എന്താടാ അവിടെ?.മൂന്നുപേരും ജീവനും കൊണ്ടോടി. ഓട്ടത്തിനിടക്ക്‌ ഒരാളുടെ കയ്യിലിരുന്ന ഒരുകുപ്പിനിലത്തുവീണു. വീണ്ടും ഉഗ്രശബ്ദത്തോടെ കുപ്പിപൊട്ടിച്ചിതറിയതോടെ ആരൊക്കെയോ പിന്നാലെ ഓടി.

ഇരുട്ടിലൂടെ ഏതൊക്കെയോ ഇടവഴികളിലൂടെ അവര്‍ കുറേദൂരംഓടി. പിന്തുടരുന്നവരുടെ ശബ്ദം നിലച്ചപ്പോള്‍ മൂവരും ഏതോഒരു പറമ്പില്‍ തളര്‍ന്നിരുന്നു.
മൂന്നുപേര്‍ക്കും നന്നായി വിശക്കുന്നുണ്ട്‌. ബിയര്‍ പരിപാടിയുള്ളത്‌ കാരണം വൈകുന്നേരം ആരും ഒന്നും കഴിച്ചിരുന്നില്ല.

എന്തുതന്നെവന്നാലും ബാക്കിയുള്ള ഈകുപ്പിതുറക്കുകതന്നെ. മൂവരും ബിയര്‍കുപ്പിയുടെ മൂടി മാറിമാറികടിച്ചു. ഒടുക്കം ഛീ... എന്ന ശബ്ദത്തോടെ കുപ്പിതുറന്നു.ഓടുന്നതിനിടയില്‍ നന്നായി കുലുങ്ങിയ ബിയര്‍ ഉഗ്രമായി ചീറ്റി പുറത്തേക്കൊഴുകി.

ചീറ്റലവസാനിച്ചപ്പോള്‍ കുപ്പിയിലവസാനിച്ചത്‌ കാല്‍കുപ്പിയില്‍ താഴെ ബിയര്‍ മാത്രം അത്‌ ഏതാനും ഔണ്‍സുകള്‍വീതം മൂവരും പങ്കിട്ടെടുത്തു.
ഛായ്‌! കയ്പ്പ്‌ ചവര്‍പ്പ്‌...ഈ സാധനം കഴിക്കാനായിരുന്നോ നമ്മളീത്യാഗമെല്ലാം ചെയ്തത്‌?

മൂവരും ആചോദ്യം തന്നെത്താന്‍ ചോദിച്ചു.

ഒടുക്കം അവര്‍ ഒരു ഇടവഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ പുറകില്‍ നടക്കുന്നവനൊരു സംശയം അവന്‍ ചോദിച്ചു'എടോ നിങ്ങളുടെ രണ്ടാളുടെ യും നടത്തത്തിന്‌ ചെറിയ ഒരു ആട്ടമുണ്ടോ എന്നൊരു സംശയം!.

രണ്ടുപേരും തിരിച്ചു ചോദ്യകര്‍ത്താവിനെ നോക്കി. അവര്‍ക്കുതോന്നി ചോദിച്ചവന്റെ നടത്തത്തിനുമുണ്ടൊരു ആട്ടം!എടാ നമ്മള്‍മൂന്നുപേരും ആടിക്കൊണ്ടിരിക്കുകയാ...!
ശരിയാ നമ്മള്‍ഫിറ്റായിരിക്കുന്നു! കൂട്ടത്തില്‍ ഉയരം കുറഞ്ഞവന്‍ ഒന്ന് ആഞ്ഞുനിശ്വസിച്ചുകൊണ്ട്‌ പറഞ്ഞു 'നമ്മുടെ ഭാഗ്യത്തിനാ ആരണ്ടുകുപ്പിയും പൊട്ടിയത്‌. ഇപ്പൊത്തന്നെ ഫിറ്റായ നമ്മള്‍ അത്‌ മുഴുവന്‍ കുടിച്ചിരുന്നെങ്കില്‍ എന്റെ ദൈവമേ!.

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]