20.3.07

നവ കുടിയന്മാര്‍

എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞു ഫലം കാത്തിരിക്കുകയാണവര്‍ മൂന്നുപേരും .മൂന്നുദേഹവും ഒരുമനസ്സും പോലെയാണവര്‍.

എല്ലാ കൊച്ചു തെമ്മാടിത്തരങ്ങളും ചെയ്തു പരീക്ഷിച്ചെങ്കിലെ യഥാര്‍ത്ഥ പൗരന്മാരാകൂ എന്ന അത്യുന്നത മൂല്യബോധം അവര്‍ക്ക്‌ കൈവന്നിട്ട്‌ നാളുകളേറെയായി.

പരീക്ഷകഴിഞ്ഞിട്ട്‌ അവനടപ്പില്‍ വരുത്താനവര്‍ തീരുമാനിച്ചതനുസരിച്ച്‌ അവര്‍ പലനാള്‍ അങ്ങാടിയിലെ ബില്‍ഡിംഗിന്റെ മുകളില്‍ ഒത്തുകൂടി അങ്ങിനെ സിഗരറ്റ്‌ വലി,ആംഗലേയത്തിലെ ആദ്യാക്ഷരം വട്ടത്തിനുള്ളിലെഴുതിയ ചലചിത്രങ്ങള്‍ തുടങ്ങിയവ അവര്‍ പരീക്ഷിച്ചുകഴിഞ്ഞു.

ഇനിയടുത്ത പരീക്ഷണം മദ്യപാനംതന്നെയാവട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത അവര്‍ മദ്യപിച്ചാലെന്തുണ്ടാകും എന്നതിനേക്കുറിച്ചൊരു ചര്‍ച്ച തന്നെ നടത്തി.

പടിക്കല്‍ അങ്ങാടിയിലൂടെ മദ്യപിച്ച്‌ പരസ്യമായി നടക്കാന്‍ ഇതുവരെ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല. നാട്ടുകാരറിഞ്ഞാല്‍ തല്ലി കൈകാലൊടിക്കും വീട്ടുകാരറിഞ്ഞാല്‍ പിന്നെ വീട്ടിലേക്കുള്ള വഴി മറക്കാം.

പുറം നാടുകളില്‍ പോയി കുടിപഠിച്ചെത്തിയവര്‍ രഹസ്യമായി കോഴിക്കോടോ മറ്റോപോയാണ്‌ കുടിക്കുന്നത്‌.

അടുത്തൊന്നും ബാറുകളൊന്നുമില്ല. പത്ത്‌ പന്ത്രണ്ട്‌ കിലോമീറ്റര്‍ദൂരെ ചെമ്മാട്ടാണ്‌ ഒരു ബാറുള്ളത്‌.അവിടെപോയി മദ്യപിച്ചാല്‍ ആരെങ്കിലും കാണാതിരിക്കില്ല.വ്യാപാരകേന്ദ്രവും നിരവധി ആശുപത്രികളുമുള്ള ചെമ്മാട്ട്‌ പടിക്കല്‍ കാരുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. മാത്രമല്ല കൊച്ചുകുടിയന്മാരായതിനാല്‍ ബാറുകാര്‍ ഇന്റര്‍വ്യു ചെയ്യാനും സാധ്യതയുണ്ട്‌.

തലപുകഞ്ഞവസാനം അവരൊരുതീരുമാനത്തിലെത്തി.മറ്റൊരാള്‍ക്കെന്ന ഭാവത്തില്‍ ചെമ്മാട്‌ ബാറില്‍ നിന്നും പാര്‍സല്‍ വാങ്ങി രഹസ്യമായി നമുക്ക്‌ തൊട്ടടുത്ത പ്രദേശമായ ചേളാരിയിലെ IOCയുടെ ഗ്യാസ്‌ കമ്പനിയുടെ പുറകിലെ വിശാലമായ വെളിമ്പ്രദേശത്ത്‌ ചെന്നിരുന്നടിക്കാം.

പക്ഷെ ഏത്‌ ബ്രാന്‍ഡാവാങ്ങുക?ബ്രാണ്ടിയോ വിസ്കിയോ? ഒരാള്‍പറഞ്ഞു ജിന്നാനല്ലത്‌ അതിന്‌ മണമില്ലെന്നാകേള്‍ക്കുന്നത്‌.
കൂട്ടത്തില്‍ തലമുതിര്‍ന്നയാള്‍പറഞ്ഞു എടാ നമ്മളാദ്യമായിട്ടല്ലെ കഴിക്കുന്നത്‌? ബ്രാണ്ടിയും വിസ്കിയുമെല്ലാം കഴിച്ചാല്‍ ഉടന്‍ പൂസായി വീഴും. നമുക്ക്‌ ബിയറില്‍ തുടങ്ങാം അതിന്‌ ചെറിയ കിക്കേ ഉള്ളൂ എന്നാകേള്‍ക്കുന്നത്‌.എന്നിട്ട്‌ കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക്‌ ബ്രാണ്ടിയും വിസ്കിയുമെല്ലാം പരീക്ഷിക്കാം.എല്ലാവരും അതംഗീകരിച്ചു.

അന്ന് വയ്കുന്നേരം ഏഴ്‌ മണിക്ക്‌ മൂവരും ചെമ്മാട്‌ ബാറില്‍ ഒരു തുണിസഞ്ചിയുമായി പാത്തുപതുങ്ങിയെത്തി മൂന്ന് കുപ്പി ബിയറും വാങ്ങി ചേളാരിയിലേക്ക്‌ ബസ്‌ കയറി.

ഗ്യാസ്‌ കമ്പനിയുടെ പുറകില്‍ ആദ്യം ഒരു അവലോകനം നടത്തി. നാട്ടുകാരായ നല്ലവരും ചീത്തകളുമായ യുവാക്കള്‍ അവിടവിടെ യായി കൂട്ടം കൂടിയിരുന്ന് സൊറപറയുന്നു. രാത്രിയായാല്‍ ഇതിവിടുത്തെ സ്ഥിരം കാഴ്ച്കയാണ്‌.

അവരാരും കാണാത്ത ഗ്യാസ്‌ കമ്പനിയുടെ ടവറില്‍ നിന്നും വെളിച്ചം വന്നുപതിയാത്ത ഒരു കുറ്റിക്കാട്ടിനുപിന്നില്‍ അവര്‍ ചെന്നിരുന്നു.

അപ്പോഴാണ്‌ അവര്‍ക്കൊരുകാര്യം ഓര്‍മ്മവന്നത്‌.ഈബിയര്‍കുപ്പി എങ്ങിനെ തുറക്കും?ഓപ്പണറില്ല കയ്യില്‍ മറ്റുതുറക്കാന്‍ പറ്റുന്ന ഉപകരണങ്ങളൊന്നുമില്ല മൂന്നുപേരും കടിച്ചുതുറക്കാന്‍ നോക്കി നടക്കുന്നില്ല.

ഒരാള്‍പര്‍ഞ്ഞു നന്നായി കുലുക്കിയിട്ട്‌ ഒരുകല്ലിന്റെവശത്ത്‌ മൂടിഭാഗം വച്ചിട്ട്‌ ഒന്നമര്‍ത്തിയാല്‍ മതി തുറക്കും .

പക്ഷെ സംഗതി സോഡപൊട്ടിക്കും പോലെ എളുപ്പമാണെന്ന് കരുതിയ അവര്‍ക്ക്‌ തെറ്റി എന്ത്ചെയ്തിട്ടും തുറക്കുന്നില്ല.

അവസാനം മുന്നില്‍ കണ്ടകല്ലില്‍ കുപ്പിയുടെമൂടിഭാഗം വച്ച്‌ മറ്റൊരു കല്ലെടുത്ത്‌ ഒരുത്തന്‍ ഒരു കുത്ത്‌.ഠിം! വന്‍ ശബ്ദത്തില്‍ ബിയര്‍കുപ്പി പൊട്ടിത്തെറിച്ചു.

അപ്പുറത്തും ഇപ്പുറത്തുമെല്ലാം ഇരുന്ന് സൊറപറയുന്നവര്‍ ശബ്ദം കേട്ട്‌ ഓടിയടുത്തു.ആരാടാ... എന്താടാ അവിടെ?.മൂന്നുപേരും ജീവനും കൊണ്ടോടി. ഓട്ടത്തിനിടക്ക്‌ ഒരാളുടെ കയ്യിലിരുന്ന ഒരുകുപ്പിനിലത്തുവീണു. വീണ്ടും ഉഗ്രശബ്ദത്തോടെ കുപ്പിപൊട്ടിച്ചിതറിയതോടെ ആരൊക്കെയോ പിന്നാലെ ഓടി.

ഇരുട്ടിലൂടെ ഏതൊക്കെയോ ഇടവഴികളിലൂടെ അവര്‍ കുറേദൂരംഓടി. പിന്തുടരുന്നവരുടെ ശബ്ദം നിലച്ചപ്പോള്‍ മൂവരും ഏതോഒരു പറമ്പില്‍ തളര്‍ന്നിരുന്നു.
മൂന്നുപേര്‍ക്കും നന്നായി വിശക്കുന്നുണ്ട്‌. ബിയര്‍ പരിപാടിയുള്ളത്‌ കാരണം വൈകുന്നേരം ആരും ഒന്നും കഴിച്ചിരുന്നില്ല.

എന്തുതന്നെവന്നാലും ബാക്കിയുള്ള ഈകുപ്പിതുറക്കുകതന്നെ. മൂവരും ബിയര്‍കുപ്പിയുടെ മൂടി മാറിമാറികടിച്ചു. ഒടുക്കം ഛീ... എന്ന ശബ്ദത്തോടെ കുപ്പിതുറന്നു.ഓടുന്നതിനിടയില്‍ നന്നായി കുലുങ്ങിയ ബിയര്‍ ഉഗ്രമായി ചീറ്റി പുറത്തേക്കൊഴുകി.

ചീറ്റലവസാനിച്ചപ്പോള്‍ കുപ്പിയിലവസാനിച്ചത്‌ കാല്‍കുപ്പിയില്‍ താഴെ ബിയര്‍ മാത്രം അത്‌ ഏതാനും ഔണ്‍സുകള്‍വീതം മൂവരും പങ്കിട്ടെടുത്തു.
ഛായ്‌! കയ്പ്പ്‌ ചവര്‍പ്പ്‌...ഈ സാധനം കഴിക്കാനായിരുന്നോ നമ്മളീത്യാഗമെല്ലാം ചെയ്തത്‌?

മൂവരും ആചോദ്യം തന്നെത്താന്‍ ചോദിച്ചു.

ഒടുക്കം അവര്‍ ഒരു ഇടവഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ പുറകില്‍ നടക്കുന്നവനൊരു സംശയം അവന്‍ ചോദിച്ചു'എടോ നിങ്ങളുടെ രണ്ടാളുടെ യും നടത്തത്തിന്‌ ചെറിയ ഒരു ആട്ടമുണ്ടോ എന്നൊരു സംശയം!.

രണ്ടുപേരും തിരിച്ചു ചോദ്യകര്‍ത്താവിനെ നോക്കി. അവര്‍ക്കുതോന്നി ചോദിച്ചവന്റെ നടത്തത്തിനുമുണ്ടൊരു ആട്ടം!എടാ നമ്മള്‍മൂന്നുപേരും ആടിക്കൊണ്ടിരിക്കുകയാ...!
ശരിയാ നമ്മള്‍ഫിറ്റായിരിക്കുന്നു! കൂട്ടത്തില്‍ ഉയരം കുറഞ്ഞവന്‍ ഒന്ന് ആഞ്ഞുനിശ്വസിച്ചുകൊണ്ട്‌ പറഞ്ഞു 'നമ്മുടെ ഭാഗ്യത്തിനാ ആരണ്ടുകുപ്പിയും പൊട്ടിയത്‌. ഇപ്പൊത്തന്നെ ഫിറ്റായ നമ്മള്‍ അത്‌ മുഴുവന്‍ കുടിച്ചിരുന്നെങ്കില്‍ എന്റെ ദൈവമേ!.

Comments:
നമ്മളില്‍ പലരും കുടിക്കാറുണ്ട് എന്നാല്‍ ആദ്യമായി കുടിച്ചപ്പോള്‍ എങ്ങിനെ യുണ്ടായിരുന്നു?ഇതാ ഇവിടെ ആദ്യമായി മൂന്നുപേര്‍ കുടിക്കുകയാണ്
 
സാലിമിന്റെ ആദ്യ കുടി പരീക്ഷണം കൊള്ളാം.. ഒരൗണ്‍സ്‌ ബീയര്‍ കൊണ്ട്‌ പൂസായ കഥ.
 
ആദ്യ കുടി സൂപ്പര്‍..
പണ്ട് നാദിര്‍ഷായുടെ ഒരു മിമിക്രി വീഡിയോയുണ്ടായിരുന്നു. തലയില്‍ മുണ്ടിട്ട് ഷാപ്പിലൊളിച്ചു വെള്ളമടിക്കാന്‍ വന്നവന്‍ സോഡ കുടിച്ചു വീലാകുന്നത്
 
സാലിം മച്ചാനേ,
ചേളാരി ഐ ഓ സിയുടെ പിന്നിലായത് നന്നായി. നല്ല കാറ്റുള്ള സ്ഥലമല്ലേ? ഓടാനും ബെസ്റ്റാ. :-)

ഒരു ഡൌട്ട്. കുറച്ച് കൂടി ദൂരെ പോയാല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്ലേ? അതിനുള്ളിലെ കാട്ടിലേക്ക് കയറിയാല്‍ പിന്നെ ന്യൂക്ലിയര്‍ ബോംബ് ടെസ്റ്റ് ചെയ്താലും പുറമെക്കറിയില്ലല്ലോ.
 
ശ്ശെടാ....നിങ്ങളു അപ്പൊ കുടി തുടങ്ങിയാ.......കുടിച്ച്‌ നശിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ.......കരള്‍,വൃക്ക,കിഡ്നി,പ്ലീഹ....ഈ സൈസ്‌ സാധനമൊക്കെ നശിച്ച്‌ പോകും ഇങ്ങനെ ബീയര്‍ കുടിച്ചാല്‍.......ചോദിക്കാനും പറയാനും ആരുമില്ലേ നിങ്ങള്‍ക്കു...ഒന്നു ഉപദേശിക്കാന്‍ ഈ ബൂലോഗത്തും ആരും ഇല്ലേ......ആരും ഇല്ലെങ്കില്‍ ഞാന്‍ തന്നെ ഉപദേശിച്ചേക്കാം.....

'മക്കളേ...ബീയര്‍ കുടിക്കരുത്‌...അതു നിങ്ങളുടെ ശരീരത്തിനു നല്ലതല്ല.....അതു മാത്രമല്ല..എന്തു സാമ്പത്തിക ദുര്‍വ്യയം ആണു ബീയര്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ നടത്തുന്നത്‌ എന്നു നിങ്ങള്‍ക്കു അറിയാമോ......
അതു കൊണ്ട്‌...

അതു കൊണ്ട്‌...

വല്ല റമ്മും വാങ്ങിച്ചടിയടാപ്പാ.......

60 രൂപ കൊടുത്ത്‌ അടക്കാവെള്ളം വാങ്ങിക്കുടിച്ച്‌ മൂത്രമൊഴിച്ച്‌ കളയണ നേരം കൊണ്ട്‌ ഒരു 40 രൂപേം കൂടി ഇട്ടാ നല്ല റം അരക്കുപ്പി കിട്ടും....തുടക്കം അല്ലേ...
3 പേര്‍ക്കു ധാരാളം മതി.....
 
ഡേയ് സാന്റോ,
ഞാന്‍ നല്ലൊരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്ക്യയിരുന്നു കുടി തുടങ്ങാന്‍. ഞാന്‍ വൈകുന്നു എന്ന് കണ്ടപ്പോള്‍ ലാലേട്ടന്‍ പരസ്യമിട്ടു. ഇനി എനിക്ക് ഒന്നും നോക്കാനില്ല. എപ്പ കുടി തുടങ്ങി എന്ന് നോക്കിയാല്‍ മതി.

ഞാന്‍ കൊച്ചി വഴി വരുമ്പോള്‍ നമ്മള്‍ക്ക് കൂടാം. ഏതാ ബ്രാന്റ് വേണ്ടത്? വിസ്കിയോ റമ്മോ ബ്രാണ്ടിയോ ജിന്നോ വോഡ്കയോ? ഞാന്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങാം. ബീറ് ചീള് കേസാണ്. അത് വേണ്ട. ഓകെ? :-)
 
ഡേയ് സാന്റോ,
ഞാന്‍ നല്ലൊരു ഗുരുവിനെ കിട്ടാന്‍ കാത്തിരിക്ക്യയിരുന്നു കുടി തുടങ്ങാന്‍ - ദില്‍ബാ, അസുരാ, കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയീല്ല. തൊട്ടടുത്ത്, വിളിച്ചാ വിളിപ്പുറത്ത്, ഒരു എം ഡി ഉള്ളപ്പോ, അങ്ങകലെ, കൊച്ചീല്‍ കെടക്കണ എം ബി ബി എസ്സുകാരനെ എന്തിനാടാ മഹാപാപി തേടി പോകുന്നത്?

ഒരു ഫുള്ളുമായി വന്നാല്‍ മതി, ശിഷ്യപെടാം. എല്ലാ വിദ്യയും പോലെയള്ള കള്ളുകുടി വിദ്യക്ക് ശിഷ്യപെടുന്നത്. മറ്റുള്ള വിദ്യകള്‍ അഭ്യസിക്കുവാന്‍ പോകുമ്പോള്‍ ഗുരുവിന്റെ കാല്‍ക്കല്‍ വീണ് അനുഗ്രഹം നേടും, മറിച്ച് കള്ളുകുടിയില്‍, വിദ്യ അഭ്യസിച്ചുകഴിഞ്ഞാലാണ് ഗുരുവിന്റെ കാല്‍ക്കലോ, അല്ലെങ്കില്‍ എവിടെയെങ്കിലുമോ വീഴുക
 
ചോദിച്ചു'എടോ നിങ്ങളുടെ രണ്ടാളുടെ യും നടത്തത്തിന്‌ ചെറിയ ഒരു ആട്ടമുണ്ടോ എന്നൊരു സംശയം... നല്ല കഥ.

സ്വാഗതം സുഹൃത്തേ.... വൈകിയാണെങ്കിലും.


ഓടോ :
ദില്‍ബാ നീയും ഒരു ബ്ലോഗറാ‍ണെന്ന് വീട്ടുകാരറിഞ്ഞ കാര്യം നീ ഇപ്പോഴും അറിഞ്ഞിട്ടില്ലല്ലേ...

തല്‍കാല ദുനിയാവ് കണ്ട് നീ മറക്കാതെ...
ഇപ്പോഴും ബാച്ചി പേര് കൂടെയുണ്ട് മറക്കാതെ.

എന്നെ തിരയണ്ടാ... ഞാന്‍ വേള്‍ഡ് ടൂറിന് പോകുന്ന വഴി കോട്ടക്കലിറങ്ങി.
 
കൂറുമ ഗുരോ,
മാപ്പാക്കണം. അങ്ങേയ്ക്ക് ശിഷ്യപ്പെടാന്‍ മാത്രം ‘പാങ്ങ്’ഇല്ലാത്തതിനാലാണ് അടിയന്‍ ആ വഴി ചിന്തിക്കാഞ്ഞത്. ഇനി മുതല്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത അങ്ങയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് ഞാന്‍ ഡെയിലി ടക്കീലയടിച്ച് പ്രാക്ടീസ് ചെയ്യും. ദക്ഷിണയായി വിരല്‍ ചോദിക്കുമെന്നറിയാം. അച്ചാറില്‍ മുക്കിയ പെരുവിരല്‍ ഞാനിതാ നീട്ടുന്നു. ടച്ചിങ്സായി സ്വീകരിച്ച് അനുഗ്രഹിച്ചാലും! :-)
 
:-0
 
ഇനി മുതല്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത അങ്ങയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് ഞാന്‍ ഡെയിലി ടക്കീലയടിച്ച് പ്രാക്ടീസ് ചെയ്യും - പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത പ്രതിമ ഉണ്ടാക്കുന്ന കാശുണ്ടെങ്കില്‍ നമുക്ക് ഒരു മാസം ബോധം തെളിയുന്നതുവരെ കുടിക്കാം(അതു കഴിയുമ്പോള്‍ ബോധം തന്നെ മറഞ്ഞോളും) - പകരം നല്ല മണ്‍ചട്ടി വാങ്ങി അതിന്റെ മുകളില്‍ അവിടെയിവിടെയായി അല്പം ഉമിക്കരി വിതറി എന്റെ തലയാണെന്നു സങ്കല്‍പ്പിച്ചാലും മതി.

അച്ചാറില്‍ മുക്കിയ പെരുവിരല്‍ ഞാനിതാ നീട്ടുന്നു. ടച്ചിങ്സായി സ്വീകരിച്ച് അനുഗ്രഹിച്ചാലും - ശിഴ്യാ (വഴങ്ങുന്നില്ല വാക്കുകള്‍), നീ ശിഷ്യപെറ്റിരിക്കുന്നു (വയറുകണ്ടാല്‍ ആദ്യം ആരാ പെറുക എന്നാര്‍ക്കും സംശയം തോന്നും, അതു സ്വാഭാവികം.
 
ദില്‍ബൂ...കുറൂസ്‌ അങ്ങനെ പലതും പറയും...അവസാനം ബാങ്കീന്നു ലോണ്‍ എടുക്കേണ്ടി വരും ഗുരുവിനു ദക്ഷിണ വയ്ക്കാന്‍....
ഒന്നും രണ്ടും ഫുള്ളൊന്നും പോരാതെ വരും......

കൊച്ചിക്ക്‌ പോരൂ.......പ്രൊഫസര്‍ സാന്‍ഡോസ്‌ ഗോണ്‍സാല്‍ വസ്‌ പി.കെ നിങ്ങളെ കാത്തിരിക്കുന്നു.......

ഇനി ഗുരുകുലത്തില്‍ താമസിച്ചു പഠിക്കണം എന്നുണ്ടെങ്കില്‍ ബ്ലൂമൂണില്‍ ഒരു സീറ്റ്‌ ഇപ്പഴേ ബുക്ക്‌ ചെയ്തോ.......ഉസ്താദ്‌ നൗഫല്‍ബാരി വല്ലിക്കാസ്‌ കെ.പി....നിങ്ങളെ കാത്തിരിക്കുന്നു.....
 
സാലി.. ഇപ്പളങ്ങനെയാ കപ്പാസിറ്റി .. ഒരു ഫുള്ളില്‍ തുടുങ്ങുമോ ആട്ടം അതോ ഒരുള്ളിലവസാനിക്കുമോ ആട്ടം .. പിന്നെ നീ ആ സാന്‍ഡോസിന്‍റേയും ദില്‍ബന്‍റേയും അടുത്താങ്ങാനും പോയി ശിഷ്യപ്പെടല്ലേ അവരെയെല്ലാം കുടുംബത്ത്ന്ന് പുറാത്താക്കിയിരിക്ക എന്തിനാ വെറുതെ ...
ദില്‍‍ബാ ... കണ്ണി കണ്ട ക്യാമ്പസിനകത്തെ കാട്ടിലൊക്കെ കയറി മെതിച്ചവനാ നീ അല്ലേ .. ദേ നീയും സാലിമും സാന്‍ഡോസുമെല്ലാം ബാച്ചികളാ കുറുമാന്‍റെ വലയില്‍ നിങ്ങളാരും വീഴരുത് ട്ടോ .. കുറുവിന് രണ്ട് കെട്ട്യോളും ഒരു കുട്ട്യോളും ഉള്ളതാ .. അവന്‍ കഷണ്ടിയോ കശുവണ്ടിയോ അരകുടിയനോ മുഴുകുടിയനോ ആയാലെന്താ ഒരു പ്രശ്നവുമല്ല നിങ്ങളങ്ങനെയാണോ .. ആദിയുടെ വഴിയെ പെട്ടെന്ന് പോവേണ്ടവരല്ലേ .. അച്ചാറില്‍ മുക്കിയ വിരലെല്ലാം അവന്‍ നീട്ടും അതിലൊന്നും വീഴരുത് ട്ടോ .. വേണെമെങ്കില്‍ ഇങ്ങട് പോര്യേ... ഇറാഖിലോട്ട് ..ഞാനിവിടെ ഫ്രീയാ
 
എല്ലാരും കൂടി എന്നെ ഒരു കുടിയനാക്കീന്നാ തോന്നുന്നത് ഞാന്‍ മദ്യം 'ഒഴിച്ച് 'എന്തും കുടിക്കും
വായിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും എല്ലാം നന്ദിkrish,siju,itiri,കുറുമാന്‍, അപ്പു, സാന്റോ, ദില്‍ബൂ, വിചാരം എല്ലാവര്‍ക്കും.
ദില്‍ബാസുരന് ഞങ്ങളുടെ ലാവണത്തെക്കുറിച്ച് നല്ലപിടിപാടാണല്ലോ?
സാന്റോ യുടെ യും വിചാരത്തിന്റെയും ഉപദേശം വിലപ്പെട്ടതാണ് വളരെ നന്നി.വെള്ളമടി ഗുരുശിഷ്യന്മാര്‍ ഇനിയും ഇതുവഴിവരണേ.
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]