25.3.07

മൂഷികവധം(ശ്രമം)

പടിക്കല്‍ അങ്ങാടിയുടെ പിതാവ്‌ എന്നറിയപ്പെടുന്ന മാന്ന്യ ദേഹമാണ് ശ്രീമാന്‍ മുലുഭായ്‌. മുലുഭായുടെ അനാദിക്കടയുടെ ഷട്ടര്‍ ഉയരുന്നതോടെ പടിക്കലങ്ങാടി ഉണരുന്നു. ഷട്ടര്‍ താഴുന്നതോടെ പടിക്കലങ്ങാടി ഉറങ്ങുന്നു. ഇതാണ്‌ പ്രാചീന കാലം മുതലുള്ള പടിക്കലങ്ങാടിയുടെ കീഴ്‌വഴക്കം.

അങ്ങാടിയില്‍ മുറുക്കാന്‍,ചുണ്ണാമ്പ്‌ ഹോള്‍സെയിലായും റീട്ടെയിലായും വില്‍ക്കപ്പെടുന്ന ഒരേ ഒരു പീടിക മുലുഭായുടെ പീടിക മാത്രം. ഒരുപാട്‌ തലമുറകള്‍ക്ക്‌ മുറുക്കി ച്ചുവപ്പിക്കാനും തുപ്പി നാറ്റിക്കാനും മുറുക്കാനും, കുരച്ച്‌ കുരച്ച്‌ കഫം തുപ്പാന്‍ സിഗരറ്റ്‌, ബീഢികളും വിറ്റ്‌ മുലുഭായ്‌ എന്ന വയോവൃദ്ധന്‍ പടിക്കലങ്ങാടിയുടെ പിതാവായ്‌ വാഴവെ അത്‌ സംഭവിച്ചു.

മറ്റൊന്നുമല്ല എലിശല്ല്യം, കടുത്ത എലിശല്ല്യം. മുലുഭായുടെ ഇടനെഞ്ച്‌ പൊട്ടുംവിധം നാശനഷ്ടങ്ങള്‍ ഓരോദിവസവും കടയില്‍ സംഭവിച്ചുകൊണ്ടിരുന്നു.പിന്നെ ഒന്നും നോക്കിയില്ല. എലിയെ പിടിക്കാന്‍ എലിക്കെണിതയ്യാറാക്കിവെച്ച്‌ മുലുഭായ്‌ ഷട്ടറിട്ടു. അതോടെ അങ്ങാടി ഗാഢനിദ്രയിലേക്ക്‌ വഴുതി.

പിറ്റേദിവസം രാവിലെ കാക്കനിലത്തിറങ്ങും മുമ്പെ മുലുഭായ്‌ പീടികയിലെത്തി. കര്‍ണകഠോരമായ ശബ്ദത്തില്‍ ഷട്ടര്‍ ഉയര്‍ന്നു. മുലുഭായ്‌ ആദ്യം നോക്കിയത്‌ എലിക്കെണിയിലേക്ക്‌. വിഷുക്കണികണ്ട ബാലനെപ്പോലെ മുലുഭായ്‌ ആഹ്ലാദം കൊണ്ട്‌ തുള്ളിച്ചാടി. ദേകിടക്കുന്നു പെരിച്ചാഴിയോളം പോന്നൊരു മൂഷികന്‍ കെണിയില്‍!

വധം നടപ്പിലാക്കാന്‍ അദ്ധേഹത്തിന്റെ കൈകള്‍തരിച്ചതാണ്‌. പക്ഷെ അദ്ധേഹം തീരുമാനിച്ചു. ഇവനെ കൊല്ലുന്നതിന്‌ നാട്ടുകാര്‍ ദൃക്സാക്ഷികളാകണം. ഒരുനൂറ്‌ പേരുടെയെങ്കിലും മുന്നില്‍ വെച്ചായിരിക്കണം ഈക്രൂരനാം മൂഷികന്റെ അന്ത്യം. വര്‍ദ്ധിച്ച കോപത്തോടെ പാക്കുവെട്ടികൊണ്ട്‌ എലിയെ കുത്തുനോവിച്ചുകൊണ്ട്‌ അങ്ങാടിയില്‍ ആളുകൂടുന്നതും കാത്ത്‌ അക്ഷമയോടെ അയാളിരുന്നു.


ഇന്ത്യന്‍ സമയം 8-15 അങ്ങാടിസജീവം, മുലുഭായ്‌ മൂഷികനടങ്ങിയ കൂടുമായി റോഡരികിലേക്ക്‌ നീങ്ങി. കൂട്‌ ഉയര്‍ത്തിപ്പിടിച്ച്‌ ജനശ്രദ്ധയെ ആകര്‍ഷിച്ചു. ശേഷം ഒരു വലിയ കാലിച്ചാക്കിലേക്ക്‌ കൂട്‌ തുറന്നു.ഇപ്പോള്‍ മൂഷിക വിദ്വാന്‍ ചാക്കിനകത്ത്‌.നാട്ടുകാരൊന്നടങ്കം മൂഷികവധം കാണാനൊത്തുകൂടിയിട്ടുണ്ട്‌.

മൂഷികനെ അടക്കം ചെയ്ത ചാക്കിന്റെ വായ് ഭാഗം കൂട്ടിപ്പിടിച്ചുകൊണ്ട്‌ നെഞ്ചുംവിരിച്ച് മുലുഭായ്‌ റോഡിലേക്ക്‌ നടന്നു.പിന്നെ മുഴുവന്‍ കരുത്തുംകൈകളിലേക്കാവാഹിച്ച്‌ ചാക്ക്‌ റോഡില്‍ ആഞ്ഞടിച്ചു. ഒരിക്കലല്ല ഒരിരുപത്തഞ്ചോളം തവണ.

എലിയല്ല ചാക്കില്‍ പുലിയാണെങ്കിലും ചത്ത്‌ ചമ്മന്തിപ്പരുവമാകും.ആവിധമാണ്‌ ഓരോഅലക്കും ഇഷ്ടന്‍ അലക്കുന്നത്‌. അടി നിവര്‍ത്തി മുലുഭായ്‌ നടുനിവര്‍ത്തി പിന്നെ പാമ്പൂതുന്ന ശക്തിയില്‍ നാലഞ്ചുതവണ ശ്വാസോഛ്വാസം ചെയ്ത്‌,കൂടിനില്‍ക്കുന്ന നാട്ടുകരെ നോക്കി ഒരു ചിരിചിരിച്ചു. ഒരുസാമ്രാജ്യം കീഴടക്കിയ കൊലച്ചിരി!

അങ്ങാടിയിലെ എല്ലാകണ്ണുകളും മൃതശരീരം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുമ്പോള്‍ ഒരു ജേതാവിന്റെ നാട്യത്തോടെ മുലുഭായ്‌ കാണികള്‍ക്ക്‌ മുന്നില്‍ ചാക്ക്‌ കമിഴ്ത്തി. പെട്ടെന്നാകാഴ്ച്ചകണ്ട്‌ മുലുഭായ്‌ തലകറങ്ങി വീണു. നാട്ടുകാര്‍ ആര്‍ത്താര്‍ത്തുചിരിച്ചു.

സംഗതി മറ്റൊന്നുമല്ല. ചാക്ക്‌ ആഞ്ഞ്‌ നിലത്തടിക്കുമ്പോള്‍ ചാക്കിന്റെ വായ്‌ കൂട്ടിപ്പിടിച്ച സുരക്ഷിതഭാഗത്ത്‌ മൂഷികവിദ്വാന്‍ നേരത്തേ കടിച്ചു തൂങ്ങി നിലയുറപ്പിച്ചിരുന്നു. ചാക്ക്‌ കമിഴ്ത്തിക്കുടഞ്ഞതും ജീവനും കൊണ്ടവന്‍ മുലുഭായുടെ കടയിലേക്ക്‌ തന്നെ ഓടിക്കയറിയിരുന്നു.


Comments:
ചരിത്രപ്രസിദ്ധമായ മുലുഭായുടെ മൂഷികവധം. ഇനിയും വായിച്ചിട്ടില്ലെങ്കില്‍ നിങ്ങളുടെ ജീവിതം കട്ടപ്പൊക.
 
മുലുഭായിയെക്കാള്‍ മൂളയുള്ള മൂഷികന്‍. രസായി.
 
മൂഷികനവന്‍ കേമന്‍
മൂലുഭായേക്കാള്‍ കേമന്‍
മൂലുവിനില്ലായല്ലോ
മൂഷികനിവന്‍ മൂള
 
മൂണയുള്ള മുഷികന്‍
മൂണയില്ലാത്ത മൂലുഭായ്
സലീം നാടന്‍ കഥകളുമായി ബൂലോകത്തെ അലങ്കരിക്കൂ
 
സാലിം...മൂഷിക വധം വളരെ നന്നായി....
 
കരീം മാഷെ, ആവനാഴീ,വിചാരം,അരീക്കോടന്‍ എല്ലാവര്‍ക്കും നന്നി.
ആവനാഴിക്കിത് ഇടക്കിടെ വരാറുണ്ടോ?(നിമിഷകവിത)
 
ആശംസകള്‍..........
 
Post a Comment

Subscribe to Post Comments [Atom]





<< Home

This page is powered by Blogger. Isn't yours?

Subscribe to Posts [Atom]