10.4.07
അത്ഭുത ജലപ്രവാഹം
പക്ഷെ എത്രചിന്തിച്ചിട്ടും മമ്മ്വാക്കാക്ക് ഒരുകാര്യം പിടികിട്ടിയില്ല. മൂപ്പര്‍ ഉപ്പും പെട്ടിസഭയില്‍ കാര്യം അവതരിപ്പിച്ചു. (ഉപ്പും പെട്ടിസഭയെന്നാല്‍ പടിക്കലിലെ സീനിയര്‍ സിറ്റീസണ്‍സിന്റെ ഒരുകൂട്ടായ്മയാണ്.ഒരുപലചരക്കു കടക്കാരന്‍ പണ്ട് ഉപ്പ് സൂക്ഷിക്കാന്‍ നിര്‍മ്മിച്ച വലിയ പത്തായം പോലുള്ള മരപ്പെട്ടിയാണ് ഉപ്പുംപെട്ടി. പിന്നീട് ഉപ്പെല്ലാം പാക്കറ്റിലായപ്പോള്‍ അയാള്‍സ്ഥലം മുടക്കിയായ ഈപെട്ടി പുറത്ത് ഉപേക്ഷിച്ചു. ഇത് സീനിയര്‍ സിറ്റീസണ്‍സ് കയ്യേറി അവരുടെ താവളമാക്കിയതാണ് അതിന് മുകളില്‍ ചന്തിയോട് ചന്തിയുരുമ്മിയിരുന്നവര്‍ ഈഭൂമിമലയാളത്തിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചചെയ്ത് കമന്റിടും)
'അല്ല ഈരണ്ടുപൈപ്പുകളും ക്കൂടി ഒരു കുയ്യീല് ട്ടാപ്പോരെ? എന്തിനാ മന്‌സനെ മെനക്കെട്ത്താന്‍ ബീണ്ടും കുയിക്ക്‍ണ്?'
മമ്മ്വാക്കന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സൂപ്പിക്കയാണ്. 'എടാമമ്മ്വോ അതാപറയിണത് അനക്കൊന്നും ഉലകം തിരിഞ്ഞിട്ട്‌ല്ലാന്ന്. അങ്ങട്ട് ബെള്ളംകൊണ്ടകാനുള്ള പൈപ്പ് ജപ്പാന്‍ കാര്‌ടെ സഹായത്തോടേണ് കുയിച്ചിട്ടത് ഞമ്മക്ക് ബെള്ളം തരാനുള്ള പൈപ്പ് ഞമ്മളുടെ ഗവേര്‍മണ്ടിന്റ ബകിം.അപ്പം ഒരുകുയ്യീല് രണ്ട് പൈപ്പുംട്ടാല്‍ ജപ്പാന്‍ കാര് കായിതരൂലാ!
സൂപ്പിക്ക എഴുത്തും വായനയും പഠിച്ചത് സാക്ഷരതാ ക്ലാസില്‍നിന്നാണെങ്കിലും മൂപ്പരുടെ യോഗ്യത എല്‍.പി യാണ്(ലോകപരിചയം)അതുകൊണ്ട് സൂപ്പിക്കയുടെ പാണ്ഡിത്യത്തെ അവിടെ ആരും ചോദ്യം ചെയ്യാറില്ല.
അതുവരെ മിണ്ടാതിരുന്ന ബീരാന്‍ക്ക ചര്‍ച്ചയിലിടപെട്ടു. 'ജ്ജെന്തിനാ കമ്മ്വോ കുയ്യെണ്ണ്‍ണ്? അപ്പം തിന്നാപോരെ? അടുത്തബേനലില്‍ ഞമ്മക്ക് കുടിബെള്ളത്തിന് യാതൊരു പഞ്ഞും ണ്ടാവൂലാ.
എന്തും രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്ന അസയിനാര്‍ക്കാന്റെ തായിരുന്നു അടുത്ത കമന്റ് 'ഒക്കെ ഞമ്മള്‍ടെ എമ്മല്ലെ മണ്ടിപ്പാഞ്ഞ് സെര്യാക്കീതാ ഭരണം മറ്റോല കയ്യീലാണെങ്കി ഞമ്മക്കിത് ബല്ലോം കിട്ട്വോ?'
അവരുടെ മുന്നിലൂടെ ഖദീസ താത്ത ഗജതുല്ല്യമായ തന്റെ ശരീരവും കുലുക്കി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടപ്പോള്‍ ചര്‍ച്ചകള്‍ ആശരീരത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ കടന്നുപോയി.
നാളുകള്‍ കടന്നുപോയി.കൊടും വേനലാരംഭിച്ചു. പലകിണറുകളും വറ്റി. സര്‍ക്കാരിന്റെ വെള്ളം പ്രതീക്ഷിച്ചവര്‍ക്ക് കുഴിച്ചുമൂടപ്പെട്ട പൈപ്പുകളില്‍നിന്ന് മുളച്ചുപൊങ്ങിയ ടാപ്പുകളില്‍നിന്ന് ഏതുനേരവും ഫ്രീയായി കടലിരമ്പം മാത്രം കേട്ടു.
ടാപ്പുകള്‍സ്ഥാപിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കുറ്റിയും കൊട്ടത്താളവും ചൊവ്വാഴ്ച ചേളാരി ചന്തക്ക് കൊണ്ടുപോകുന്ന പോത്തുകളെ കെട്ടിയിടാന്‍ മാത്രം ഉപകരിച്ചു.
അങ്ങനെ യിരിക്കെ ഉപ്പുംപെട്ടി സഭയില്‍ ഒരു അത്ഭുതവാര്‍ത്തയെത്തി. ഈകൊടും വേനലില്‍ കുയിമ്പാട്ടുപാടത്ത് അത്ഭുത ജലപ്രവാഹം!
കാതുകള്‍കാതുകള്‍കയ്മാറി വാര്‍ത്ത നാടുനീളെ പരന്നു. ഓട്ടം കിട്ടാതെ ചൊറിയും കുത്തിയിരുന്നിരുന്ന ഓട്ടോക്കാര്‍ക്കും ജീപ്പ്പുകാര്‍ക്കുമെല്ലാം വന്‍തിരക്കായി ജനം കുയിമ്പാട്ടുപാടത്തേക്ക് ഒഴുകുകയാണ്.
കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു. തൊട്ടടുത്ത കുഴികളും കിണറുകളുമെല്ലാം വറ്റിവരണ്ടുകിടക്കുമ്പോള്‍ കുഴിമ്പാട്ടുപാടത്തിന്റെ ഒരു മൂലയില്‍ മാത്രം തെളിഞ്ഞവെള്ളം പൊട്ടിയൊഴുകുന്നു.
ആരോപറഞ്ഞു.മൂസാലൊടിയിലെ ബീവി ഇവിടെ വന്ന് എന്തോമന്ത്രിച്ചുപോയതിനു ശേഷമാണ് ഈപ്രവാഹമുണ്ടായത്. മറ്റൊരാള്‍ കുടിച്ചുനോക്കിയിട്ട് പറഞ്ഞു. ഇതിന് സംസം വെള്ളത്തിന്റെ അതേടേസ്റ്റ്!.
ജനം അത്ഭുതത്തിന്റെ പരകോടിയിലെത്തി.'എന്ത്? നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയിലെ സഫാമര്‍വാ മലകളുടെ കീഴില്‍ ഇബ്രാഹീം പുത്രന്‍ ഇസ്മാഈല്‍ ദാഹിച്ചുവലഞ്ഞു കാലിട്ടടിച്ചപ്പോള്‍ പൊട്ടിയൊഴുകിയ ആപുണ്യ ജലപ്രവാഹം കുഴിമ്പാട്ടുപാടത്തേക്ക് വഴിമാറ്റി ഒഴുകിക്കാന്‍ മാത്രം ശക്തിയോ ഈ മൂസാലൊടി ബീവിക്ക്?
(പക്ഷെ അവസരം മുതലാക്കാന്‍ മൂസാലൊടിബീവിക്കായില്ല അവര്‍ നാഗൂരിലേക്ക് തീര്‍ത്ഥാടനത്തിന് പോയതായിരുന്നു.)
പിന്നെ ജനങ്ങള്‍ ഒന്നടങ്കം കന്നാസുകളുമായി വന്ന് ജലം ശേഖരിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. പടിക്കലങ്ങാടിയിലെ കടകളില്‍ പ്ലാസ്റ്റിക് കാനുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.വാര്‍ത്ത പത്രത്തില്‍കൂടിവന്നതോടെ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് രംഗത്തിറങ്ങി.ക്യൂ സിസ്റ്റം നടപ്പിലാക്കിയതോടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂ നിലവില്‍ വന്നു.ഇടക്ക് ഇടയില്‍കൂടലും ഉന്തും തള്ളുമെല്ലാം നടന്നു. പോലീസ് സംയമനം പാലിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ലെന്ന് മാത്രം.
വെള്ളം കിട്ടിയവരെല്ലാം ഭക്തിപുരസ്സരം വീടുകളില്‍ സൂക്ഷിച്ചുവച്ചു.അസുഖമുള്ളവര്‍ക്കെല്ലാം കുടിപ്പിച്ചു. പലര്‍ക്കും ആശ്വാസം!
കന്നാസ് കച്ചവടം നടത്തി പടിക്കലെ കച്ചവടക്കാരും ഭക്തരെ കൊണ്ടുപോയി ഓട്ടോക്കാരും ജീപ്പുകാരും കുട്ടിപ്പുരയുണ്ടാക്കി മിഠായിയും നാരങ്ങാവെള്ളവുമെല്ലാം വിറ്റ് കുട്ടികളുമെല്ലാം നന്നായി സമ്പാദിച്ചു.
ടൂറിസത്തെ എതിര്‍ത്തവരുടെയെല്ലാം നാക്കിറങ്ങിപ്പോയി. പലനാട്ടില്‍ നിന്നും ആളുകള്‍ നമ്മുടെ നാട്ടിലേക്ക് വന്നാല്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന സാമ്പത്തികഗുണം അങ്ങനെ എല്ലാവര്‍ക്കും ബോധ്യമായി.
അങ്ങനെ അപ്രതീക്ഷിത മായി കയ് വന്ന ഐശ്വര്യത്തില്‍ നാട്ടുകാര്‍ മതിമറന്നുനില്‍ക്കുമ്പോഴാണ് ഒരുദിവസം കുറേബാഗുകളും തൂക്കിപ്പിടിച്ചുകൊണ്ട് ജിയോളജിക്കല്‍സര്‍വെക്കാര്‍ അവിടെ വന്നത്.
അവര്‍ നേരെ അദ്ഭുത ജലപ്രവാഹത്തിനടുത്തെത്തി ചില യന്ത്രങ്ങളെല്ലാം വച്ച് പരിശോധിച്ചു. എന്നിട്ട് എന്തോ വെളിപാട് കിട്ടിയപോലെ നേരെ ചേളാരിയിലെ വാട്ടര്‍ അതോരിറ്റിയുടെ ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പാറക്കടവ് പുഴയിലെ പമ്പ് ഹൗസിലേക്ക് പോയി.
അവിടെനിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ചേളാരിയിലെ ജലസംഭരണിയില്‍ കയറിനോക്കി.
അത്ഭുതം! അരമീറ്റര്‍ വ്യാസമുള്ള പൈപ്പിലൂടെ ദിവസങ്ങള്‍ വെള്ളം പമ്പ് ചെയ്തിട്ടും സംഭരണിയില്‍ ഒരുതുള്ളി വെള്ളവും എത്തിയിട്ടില്ല!.
ഭൂമിക്കടിയിലെ പൈപ്പ് പൊട്ടിയൊലിച്ചവെള്ളം താഴ്‌ന്ന പ്രതേശമായ കുഴിമ്പാട്ടുപാടത്ത് പൊട്ടിയൊലിച്ചതാണെന്നറിഞ്ഞതോടെ വീടുകളില്‍ ഭക്തി ആദരവുകളോടെ കന്നാസുകളില്‍ സൂക്ഷിച്ച വെള്ളം എല്ലാവരും ആരും കാണാതെ പുറത്തേക്ക് മറിച്ചുകളഞ്ഞു.
അന്ന് ഉപ്പും പെട്ടിസഭയില്‍ ചര്‍ച്ച മുഴുവനും അതായിരുന്നു.അസൈനാര്‍ക്കയാണ് കമന്റുന്നത്.
'ഞാനന്നേപറഞ്ഞതാണ് അത് സംസംബെള്ളൊന്ന്വല്ലാ ഏതോഒറവ് ബയ്യ് തെറ്റി ബന്നതാണ്‌ന്ന്'
സൂപ്പിക്കയും കമന്റി.‘ഇന്‍ക്കത് ആദ്യേതോന്നീതാ...ഞാന്‍പറഞ്ഞീല്ലാന്നേള്ളൂ.
‘(പനിയുണ്ടായിരുന്ന തന്റെ പേരക്കുട്ടിക്ക് ആവെള്ളം കൊടുത്തിട്ട് വയറ്റ്ന്നുപോക്ക് കൂടെ വന്ന് ആശുപത്രിയില്‍ ചെലവായ പണത്തിന്റെ ബില്ല് അപ്പോഴും അയാളുടെ പോക്കറ്റിലുണ്ടായിരുന്നു.)
25.3.07
മൂഷികവധം(ശ്രമം)
പടിക്കല്‍ അങ്ങാടിയുടെ പിതാവ് എന്നറിയപ്പെടുന്ന മാന്ന്യ ദേഹമാണ് ശ്രീമാന്‍ മുലുഭായ്. മുലുഭായുടെ അനാദിക്കടയുടെ ഷട്ടര്‍ ഉയരുന്നതോടെ പടിക്കലങ്ങാടി ഉണരുന്നു. ഷട്ടര്‍ താഴുന്നതോടെ പടിക്കലങ്ങാടി ഉറങ്ങുന്നു. ഇതാണ് പ്രാചീന കാലം മുതലുള്ള പടിക്കലങ്ങാടിയുടെ കീഴ്‌വഴക്കം.
അങ്ങാടിയില്‍ മുറുക്കാന്‍,ചുണ്ണാമ്പ് ഹോള്‍സെയിലായും റീട്ടെയിലായും വില്‍ക്കപ്പെടുന്ന ഒരേ ഒരു പീടിക മുലുഭായുടെ പീടിക മാത്രം. ഒരുപാട് തലമുറകള്‍ക്ക് മുറുക്കി ച്ചുവപ്പിക്കാനും തുപ്പി നാറ്റിക്കാനും മുറുക്കാനും, കുരച്ച് കുരച്ച് കഫം തുപ്പാന്‍ സിഗരറ്റ്, ബീഢികളും വിറ്റ് മുലുഭായ് എന്ന വയോവൃദ്ധന്‍ പടിക്കലങ്ങാടിയുടെ പിതാവായ് വാഴവെ അത് സംഭവിച്ചു.
മറ്റൊന്നുമല്ല എലിശല്ല്യം, കടുത്ത എലിശല്ല്യം. മുലുഭായുടെ ഇടനെഞ്ച് പൊട്ടുംവിധം നാശനഷ്ടങ്ങള്‍ ഓരോദിവസവും കടയില്‍ സംഭവിച്ചുകൊണ്ടിരുന്നു.പിന്നെ ഒന്നും നോക്കിയില്ല. എലിയെ പിടിക്കാന്‍ എലിക്കെണിതയ്യാറാക്കിവെച്ച് മുലുഭായ് ഷട്ടറിട്ടു. അതോടെ അങ്ങാടി ഗാഢനിദ്രയിലേക്ക് വഴുതി.
പിറ്റേദിവസം രാവിലെ കാക്കനിലത്തിറങ്ങും മുമ്പെ മുലുഭായ് പീടികയിലെത്തി. കര്‍ണകഠോരമായ ശബ്ദത്തില്‍ ഷട്ടര്‍ ഉയര്‍ന്നു. മുലുഭായ് ആദ്യം നോക്കിയത് എലിക്കെണിയിലേക്ക്. വിഷുക്കണികണ്ട ബാലനെപ്പോലെ മുലുഭായ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. ദേകിടക്കുന്നു പെരിച്ചാഴിയോളം പോന്നൊരു മൂഷികന്‍ കെണിയില്‍!
വധം നടപ്പിലാക്കാന്‍ അദ്ധേഹത്തിന്റെ കൈകള്‍തരിച്ചതാണ്. പക്ഷെ അദ്ധേഹം തീരുമാനിച്ചു. ഇവനെ കൊല്ലുന്നതിന് നാട്ടുകാര്‍ ദൃക്സാക്ഷികളാകണം. ഒരുനൂറ് പേരുടെയെങ്കിലും മുന്നില്‍ വെച്ചായിരിക്കണം ഈക്രൂരനാം മൂഷികന്റെ അന്ത്യം. വര്‍ദ്ധിച്ച കോപത്തോടെ പാക്കുവെട്ടികൊണ്ട് എലിയെ കുത്തുനോവിച്ചുകൊണ്ട് അങ്ങാടിയില്‍ ആളുകൂടുന്നതും കാത്ത് അക്ഷമയോടെ അയാളിരുന്നു.
ഇന്ത്യന്‍ സമയം 8-15 അങ്ങാടിസജീവം, മുലുഭായ് മൂഷികനടങ്ങിയ കൂടുമായി റോഡരികിലേക്ക് നീങ്ങി. കൂട് ഉയര്‍ത്തിപ്പിടിച്ച് ജനശ്രദ്ധയെ ആകര്‍ഷിച്ചു. ശേഷം ഒരു വലിയ കാലിച്ചാക്കിലേക്ക് കൂട് തുറന്നു.ഇപ്പോള്‍ മൂഷിക വിദ്വാന്‍ ചാക്കിനകത്ത്.നാട്ടുകാരൊന്നടങ്കം മൂഷികവധം കാണാനൊത്തുകൂടിയിട്ടുണ്ട്.
മൂഷികനെ അടക്കം ചെയ്ത ചാക്കിന്റെ വായ് ഭാഗം കൂട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചുംവിരിച്ച് മുലുഭായ് റോഡിലേക്ക് നടന്നു.പിന്നെ മുഴുവന്‍ കരുത്തുംകൈകളിലേക്കാവാഹിച്ച് ചാക്ക് റോഡില്‍ ആഞ്ഞടിച്ചു. ഒരിക്കലല്ല ഒരിരുപത്തഞ്ചോളം തവണ.
എലിയല്ല ചാക്കില്‍ പുലിയാണെങ്കിലും ചത്ത് ചമ്മന്തിപ്പരുവമാകും.ആവിധമാണ് ഓരോഅലക്കും ഇഷ്ടന്‍ അലക്കുന്നത്. അടി നിവര്‍ത്തി മുലുഭായ് നടുനിവര്‍ത്തി പിന്നെ പാമ്പൂതുന്ന ശക്തിയില്‍ നാലഞ്ചുതവണ ശ്വാസോഛ്വാസം ചെയ്ത്,കൂടിനില്‍ക്കുന്ന നാട്ടുകരെ നോക്കി ഒരു ചിരിചിരിച്ചു. ഒരുസാമ്രാജ്യം കീഴടക്കിയ കൊലച്ചിരി!
അങ്ങാടിയിലെ എല്ലാകണ്ണുകളും മൃതശരീരം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുമ്പോള്‍ ഒരു ജേതാവിന്റെ നാട്യത്തോടെ മുലുഭായ് കാണികള്‍ക്ക് മുന്നില്‍ ചാക്ക് കമിഴ്ത്തി. പെട്ടെന്നാകാഴ്ച്ചകണ്ട് മുലുഭായ് തലകറങ്ങി വീണു. നാട്ടുകാര്‍ ആര്‍ത്താര്‍ത്തുചിരിച്ചു.
സംഗതി മറ്റൊന്നുമല്ല. ചാക്ക് ആഞ്ഞ് നിലത്തടിക്കുമ്പോള്‍ ചാക്കിന്റെ വായ് കൂട്ടിപ്പിടിച്ച സുരക്ഷിതഭാഗത്ത് മൂഷികവിദ്വാന്‍ നേരത്തേ കടിച്ചു തൂങ്ങി നിലയുറപ്പിച്ചിരുന്നു. ചാക്ക് കമിഴ്ത്തിക്കുടഞ്ഞതും ജീവനും കൊണ്ടവന്‍ മുലുഭായുടെ കടയിലേക്ക് തന്നെ ഓടിക്കയറിയിരുന്നു.
20.3.07
നവ കുടിയന്മാര്‍
എല്ലാ കൊച്ചു തെമ്മാടിത്തരങ്ങളും ചെയ്തു പരീക്ഷിച്ചെങ്കിലെ യഥാര്‍ത്ഥ പൗരന്മാരാകൂ എന്ന അത്യുന്നത മൂല്യബോധം അവര്‍ക്ക് കൈവന്നിട്ട് നാളുകളേറെയായി.
പരീക്ഷകഴിഞ്ഞിട്ട് അവനടപ്പില്‍ വരുത്താനവര്‍ തീരുമാനിച്ചതനുസരിച്ച് അവര്‍ പലനാള്‍ അങ്ങാടിയിലെ ബില്‍ഡിംഗിന്റെ മുകളില്‍ ഒത്തുകൂടി അങ്ങിനെ സിഗരറ്റ് വലി,ആംഗലേയത്തിലെ ആദ്യാക്ഷരം വട്ടത്തിനുള്ളിലെഴുതിയ ചലചിത്രങ്ങള്‍ തുടങ്ങിയവ അവര്‍ പരീക്ഷിച്ചുകഴിഞ്ഞു.
ഇനിയടുത്ത പരീക്ഷണം മദ്യപാനംതന്നെയാവട്ടെ എന്നവര്‍ തീരുമാനിച്ചു. പക്ഷെ ഇതുവരെ മദ്യപിച്ചിട്ടില്ലാത്ത അവര്‍ മദ്യപിച്ചാലെന്തുണ്ടാകും എന്നതിനേക്കുറിച്ചൊരു ചര്‍ച്ച തന്നെ നടത്തി.
പടിക്കല്‍ അങ്ങാടിയിലൂടെ മദ്യപിച്ച് പരസ്യമായി നടക്കാന്‍ ഇതുവരെ ആര്‍ക്കും ധൈര്യമുണ്ടായിട്ടില്ല. നാട്ടുകാരറിഞ്ഞാല്‍ തല്ലി കൈകാലൊടിക്കും വീട്ടുകാരറിഞ്ഞാല്‍ പിന്നെ വീട്ടിലേക്കുള്ള വഴി മറക്കാം.
പുറം നാടുകളില്‍ പോയി കുടിപഠിച്ചെത്തിയവര്‍ രഹസ്യമായി കോഴിക്കോടോ മറ്റോപോയാണ് കുടിക്കുന്നത്.
അടുത്തൊന്നും ബാറുകളൊന്നുമില്ല. പത്ത് പന്ത്രണ്ട് കിലോമീറ്റര്‍ദൂരെ ചെമ്മാട്ടാണ് ഒരു ബാറുള്ളത്.അവിടെപോയി മദ്യപിച്ചാല്‍ ആരെങ്കിലും കാണാതിരിക്കില്ല.വ്യാപാരകേന്ദ്രവും നിരവധി ആശുപത്രികളുമുള്ള ചെമ്മാട്ട് പടിക്കല്‍ കാരുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകും. മാത്രമല്ല കൊച്ചുകുടിയന്മാരായതിനാല്‍ ബാറുകാര്‍ ഇന്റര്‍വ്യു ചെയ്യാനും സാധ്യതയുണ്ട്.
തലപുകഞ്ഞവസാനം അവരൊരുതീരുമാനത്തിലെത്തി.മറ്റൊരാള്‍ക്കെന്ന ഭാവത്തില്‍ ചെമ്മാട് ബാറില്‍ നിന്നും പാര്‍സല്‍ വാങ്ങി രഹസ്യമായി നമുക്ക് തൊട്ടടുത്ത പ്രദേശമായ ചേളാരിയിലെ IOCയുടെ ഗ്യാസ് കമ്പനിയുടെ പുറകിലെ വിശാലമായ വെളിമ്പ്രദേശത്ത് ചെന്നിരുന്നടിക്കാം.
പക്ഷെ ഏത് ബ്രാന്‍ഡാവാങ്ങുക?ബ്രാണ്ടിയോ വിസ്കിയോ? ഒരാള്‍പറഞ്ഞു ജിന്നാനല്ലത് അതിന് മണമില്ലെന്നാകേള്‍ക്കുന്നത്.
കൂട്ടത്തില്‍ തലമുതിര്‍ന്നയാള്‍പറഞ്ഞു എടാ നമ്മളാദ്യമായിട്ടല്ലെ കഴിക്കുന്നത്? ബ്രാണ്ടിയും വിസ്കിയുമെല്ലാം കഴിച്ചാല്‍ ഉടന്‍ പൂസായി വീഴും. നമുക്ക് ബിയറില്‍ തുടങ്ങാം അതിന് ചെറിയ കിക്കേ ഉള്ളൂ എന്നാകേള്‍ക്കുന്നത്.എന്നിട്ട് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് ബ്രാണ്ടിയും വിസ്കിയുമെല്ലാം പരീക്ഷിക്കാം.എല്ലാവരും അതംഗീകരിച്ചു.
അന്ന് വയ്കുന്നേരം ഏഴ് മണിക്ക് മൂവരും ചെമ്മാട് ബാറില്‍ ഒരു തുണിസഞ്ചിയുമായി പാത്തുപതുങ്ങിയെത്തി മൂന്ന് കുപ്പി ബിയറും വാങ്ങി ചേളാരിയിലേക്ക് ബസ് കയറി.
ഗ്യാസ് കമ്പനിയുടെ പുറകില്‍ ആദ്യം ഒരു അവലോകനം നടത്തി. നാട്ടുകാരായ നല്ലവരും ചീത്തകളുമായ യുവാക്കള്‍ അവിടവിടെ യായി കൂട്ടം കൂടിയിരുന്ന് സൊറപറയുന്നു. രാത്രിയായാല്‍ ഇതിവിടുത്തെ സ്ഥിരം കാഴ്ച്കയാണ്.
അവരാരും കാണാത്ത ഗ്യാസ് കമ്പനിയുടെ ടവറില്‍ നിന്നും വെളിച്ചം വന്നുപതിയാത്ത ഒരു കുറ്റിക്കാട്ടിനുപിന്നില്‍ അവര്‍ ചെന്നിരുന്നു.
അപ്പോഴാണ് അവര്‍ക്കൊരുകാര്യം ഓര്‍മ്മവന്നത്.ഈബിയര്‍കുപ്പി എങ്ങിനെ തുറക്കും?ഓപ്പണറില്ല കയ്യില്‍ മറ്റുതുറക്കാന്‍ പറ്റുന്ന ഉപകരണങ്ങളൊന്നുമില്ല മൂന്നുപേരും കടിച്ചുതുറക്കാന്‍ നോക്കി നടക്കുന്നില്ല.
ഒരാള്‍പര്‍ഞ്ഞു നന്നായി കുലുക്കിയിട്ട് ഒരുകല്ലിന്റെവശത്ത് മൂടിഭാഗം വച്ചിട്ട് ഒന്നമര്‍ത്തിയാല്‍ മതി തുറക്കും .
പക്ഷെ സംഗതി സോഡപൊട്ടിക്കും പോലെ എളുപ്പമാണെന്ന് കരുതിയ അവര്‍ക്ക് തെറ്റി എന്ത്ചെയ്തിട്ടും തുറക്കുന്നില്ല.
അവസാനം മുന്നില്‍ കണ്ടകല്ലില്‍ കുപ്പിയുടെമൂടിഭാഗം വച്ച് മറ്റൊരു കല്ലെടുത്ത് ഒരുത്തന്‍ ഒരു കുത്ത്.ഠിം! വന്‍ ശബ്ദത്തില്‍ ബിയര്‍കുപ്പി പൊട്ടിത്തെറിച്ചു.
അപ്പുറത്തും ഇപ്പുറത്തുമെല്ലാം ഇരുന്ന് സൊറപറയുന്നവര്‍ ശബ്ദം കേട്ട് ഓടിയടുത്തു.ആരാടാ... എന്താടാ അവിടെ?.മൂന്നുപേരും ജീവനും കൊണ്ടോടി. ഓട്ടത്തിനിടക്ക് ഒരാളുടെ കയ്യിലിരുന്ന ഒരുകുപ്പിനിലത്തുവീണു. വീണ്ടും ഉഗ്രശബ്ദത്തോടെ കുപ്പിപൊട്ടിച്ചിതറിയതോടെ ആരൊക്കെയോ പിന്നാലെ ഓടി.
ഇരുട്ടിലൂടെ ഏതൊക്കെയോ ഇടവഴികളിലൂടെ അവര്‍ കുറേദൂരംഓടി. പിന്തുടരുന്നവരുടെ ശബ്ദം നിലച്ചപ്പോള്‍ മൂവരും ഏതോഒരു പറമ്പില്‍ തളര്‍ന്നിരുന്നു.
മൂന്നുപേര്‍ക്കും നന്നായി വിശക്കുന്നുണ്ട്. ബിയര്‍ പരിപാടിയുള്ളത് കാരണം വൈകുന്നേരം ആരും ഒന്നും കഴിച്ചിരുന്നില്ല.
എന്തുതന്നെവന്നാലും ബാക്കിയുള്ള ഈകുപ്പിതുറക്കുകതന്നെ. മൂവരും ബിയര്‍കുപ്പിയുടെ മൂടി മാറിമാറികടിച്ചു. ഒടുക്കം ഛീ... എന്ന ശബ്ദത്തോടെ കുപ്പിതുറന്നു.ഓടുന്നതിനിടയില്‍ നന്നായി കുലുങ്ങിയ ബിയര്‍ ഉഗ്രമായി ചീറ്റി പുറത്തേക്കൊഴുകി.
ചീറ്റലവസാനിച്ചപ്പോള്‍ കുപ്പിയിലവസാനിച്ചത് കാല്‍കുപ്പിയില്‍ താഴെ ബിയര്‍ മാത്രം അത് ഏതാനും ഔണ്‍സുകള്‍വീതം മൂവരും പങ്കിട്ടെടുത്തു.
ഛായ്! കയ്പ്പ് ചവര്‍പ്പ്...ഈ സാധനം കഴിക്കാനായിരുന്നോ നമ്മളീത്യാഗമെല്ലാം ചെയ്തത്?
മൂവരും ആചോദ്യം തന്നെത്താന്‍ ചോദിച്ചു.
ഒടുക്കം അവര്‍ ഒരു ഇടവഴിയിലൂടെ തിരിച്ചു നടക്കുമ്പോള്‍ പുറകില്‍ നടക്കുന്നവനൊരു സംശയം അവന്‍ ചോദിച്ചു'എടോ നിങ്ങളുടെ രണ്ടാളുടെ യും നടത്തത്തിന് ചെറിയ ഒരു ആട്ടമുണ്ടോ എന്നൊരു സംശയം!.
രണ്ടുപേരും തിരിച്ചു ചോദ്യകര്‍ത്താവിനെ നോക്കി. അവര്‍ക്കുതോന്നി ചോദിച്ചവന്റെ നടത്തത്തിനുമുണ്ടൊരു ആട്ടം!എടാ നമ്മള്‍മൂന്നുപേരും ആടിക്കൊണ്ടിരിക്കുകയാ...!
ശരിയാ നമ്മള്‍ഫിറ്റായിരിക്കുന്നു! കൂട്ടത്തില്‍ ഉയരം കുറഞ്ഞവന്‍ ഒന്ന് ആഞ്ഞുനിശ്വസിച്ചുകൊണ്ട് പറഞ്ഞു 'നമ്മുടെ ഭാഗ്യത്തിനാ ആരണ്ടുകുപ്പിയും പൊട്ടിയത്. ഇപ്പൊത്തന്നെ ഫിറ്റായ നമ്മള്‍ അത് മുഴുവന്‍ കുടിച്ചിരുന്നെങ്കില്‍ എന്റെ ദൈവമേ!.
29.1.07
രാത്രിഞ്ചരന്മാര്‍
പാതിരായ്ക്കുശേഷം അവര്‍ വിജനമായ അങ്ങാടിയിലെ ബസ്‌സ്റ്റോപ്പിന് പുറകില്‍ ഒത്ത്‌കൂടും ഒരാള്‍സ്ത്രീവേഷം ധരിച്ച് ലോറിക്ക് കൈകാണിക്കും ഏതെങ്കിലും ലോറിനിര്‍ത്തിയാല്‍ ഒളിഞ്ഞിരിക്കുന്ന മറ്റുള്ളവര്‍ ലോറിക്ക് നേരെ തുരുതുരാകല്ലെറിയും.
ലോറിക്കാര്‍ പ്രത്യാക്രമണത്തിനൊരുങ്ങിയാല്‍ എല്ലാവരും നാലുപാടും ഓടും.ഒടുക്കം എല്ലാവരും പള്ളിമുറ്റത്ത്ചെന്നെത്തും.
അന്നും പാതിരായ്ക്ക് അവര്‍ ഒത്തുകൂടി മാനു സാരിയുടുത്ത് മുഖം മറച്ച് ഒരുലോറിയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലേക്ക് കൈ കാണിച്ചു.
ലോറിമുന്നില്‍തന്നെനിര്‍ത്തി.
ഉടനെ കല്ലുമഴയെന്നോണം ലോറിക്ക് നേരെ കല്ലുകള്‍പാഞ്ഞുവന്നു.അതിലൊന്ന് ലോറിയുടെഗ്ലാസ് തകര്‍ത്ത് ഡ്രൈവരുടെനെറ്റിയില്‍ പതിച്ചു. ഡ്രൈവര്‍ ജാക്കിലിവറുമായിചാടിയിറങ്ങി.
എല്ലാവരും ഓടി പക്ഷെ ഓട്ടത്തിനിടക്ക് മാനുവിന്റെ സാരി ബസ്സ് സ്റ്റോപ്പിനടുത്ത ചീനിമരത്തിന്റെ കൊമ്പില്‍കൊളുത്തി മാനുപുറകോട്ട് മലര്‍ന്നുവീണു.
തിരിഞ്ഞുനോക്കുമ്പോള്‍പുറകില്‍ ജാക്കിലിവറുമായി ഡ്രൈവര്‍ ഓടിവരുന്നു.
കുടുങ്ങിയസാരി ഒരുവിധം ഊരി എറിഞ്ഞവന്‍ എണീറ്റോടി.ഓട്ടത്തിനിടയിലാണ് അവനാസത്യം മനസ്സിലായത്.
സാരിക്കൊപ്പം താനുടുത്തിരുന്ന മുണ്ടും ഊരീറിയപ്പെട്ടിരിക്കുന്നു.
അര്‍ദ്ധനഗ്നനായതും ഡ്രൈവര്‍ അടുത്തെത്താനായതും അവന്റെ ഓട്ടത്തിന്റെ ദിശതെറ്റിച്ചു.ഓടിയത് അടക്ക കച്ചവടക്കാരനായ ഹൈദര്‍സ് കാക്ക ഉണക്കാനിട്ട അടക്കയിലൂടെ!
വീല്‍ഷ്യുചവിട്ടിയപോലെ അടക്കയില്‍ ചവിട്ടിയ മാനു നിരങ്ങി മൂക്ക് കുത്തിവീണു.
പുറകെ വന്നഡ്രൈവറും അടക്കയില്‍ചവിട്ടി നിരങ്ങി അവിടത്തന്നെ വീണു.
ഡ്രൈവറുടെ ഒരുകൈ മാനുവിന്റെ ഷര്‍ട്ടില്‍തട്ടി അയാളതില്‍ പിടിയിട്ടു.
കുതറി എണീറ്റ മാനു ജീവനും കൊണ്ടോടി.
പക്ഷെ ഷര്‍ട്ട് ഡ്രൈവറുടെകയ്യില്‍തന്നെയായി.
നഗ്നനായിട്ടും മാനു ഇടം വലം നോക്കാതെ ഓടി ഏതോ വീട്ടുമുറ്റത്ത് കൂടെ.പുറകില്‍ നിന്നും ആരോ "കള്ളന്‍...കള്ളന്‍..." എന്ന് വിളിച്ചുപറയുന്നത് കൂടികേട്ടതോടെ ഓട്ടത്തിന്റെ വേഗത വീണ്ടും കൂടി.
കല്ലെറിഞ്ഞോടിയബാക്കിയുള്ളവര്‍ പതിവുപൊലെ പള്ളിമുറ്റത്ത് എത്തിച്ചേര്‍ന്നു.മാനുവിനെമാത്രം കാണുന്നില്ല.അവന്‍ നേരെ വീട്ടില്‍പോയിരിക്കുമെന്ന് എല്ലാവരും കരുതിനില്‍ക്കെ ആളുകള്‍ ടോര്‍ച്ചടിച്ച് നാലുപാടും ഓടുന്നതവര്‍ കണ്ടു.
"എന്താ?" ടോര്‍ച്ചുമായി വന്ന മൊയ്തീന്‍ കാക്കയോടവര്‍ ചോദിച്ചു.
"കള്ളന്‍!...അടിവസ്ത്രം മാത്രംധരിച്ച് എണ്ണതേച്ച ഒരുത്തന്‍ അബു ഹാജിയുടെ മുറ്റത്ത് കൂടെ ഓടി..."അതും പറഞ്ഞുകൊണ്ട് അയാള്‍ടോര്‍ച്ചും തെളിച്ചുകൊണ്ട് ഓടി അയാള്‍ കള്ളനെ വിടാനുള്ളഭാവമില്ല.
"നമ്മളൊക്കെ ഇവിടെ യുള്ളപ്പോള്‍ ഈസമയത്ത് ഇവിടെ കള്ളനോ?എന്നാലവനെ പിടിച്ചിട്ട് തന്നെ കാര്യം."എല്ലാവരും കള്ളനെപിടിക്കാനിറങ്ങി.
ആരോവിളിച്ചുപറഞ്ഞു."അവന്‍ പാടത്തേക്കാ ഓടിയത്."
എല്ലാവരും പാടത്തേക്കോടി.അരിച്ചുപെറുക്കി. ആരേയും കണ്ടെത്തിയില്ല.
"വെറുതെ ഓരോരുത്തരുടെ തോന്നലാണ്.പട്ടി ഓടിയാലും പറയും കള്ളനാണെന്ന്".എന്നും പറഞ്ഞ് എല്ലാവരും വീട്ടിലേക്ക് പോയി.
ഓടിത്തളര്‍ന്ന മാനു ആരും കാണാതെ ഒരുവിധം പള്ളിമുറ്റത്തെത്തി.ആരുമില്ല എല്ലാവരും പോയിരിക്കുന്നു.അവന്‍പള്ളിയിലെ മൂത്രപ്പുരയുടെ പടിയിലിരുന്നു. ക്ഷീണംകാരണം ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ പള്ളീയിലെത്തിയവര്‍ ആകാഴ്ചകണ്ട് ഞെട്ടി.പള്ളിമൂത്രപ്പുരയുടെപടിയില്‍ ഒരുത്തന്‍ നഗ്നനായി ഉറങ്ങുന്നു!.
കൂടിനിന്നവരില്‍ നിന്നും പ്രായം കൂടിയ ഒരാള്‍പര്‍ഞ്ഞു "ഇത് നമ്മളുടെ ഹയ്‌ദറിന്റെ മകനല്ലെ?രാത്രീല് പള്ളീല്‍ കെടന്നൊറങ്ങര്‌ത്‌ന്ന്എത്രപറഞ്ഞാലും ഇവര്‌കേള്‍ക്കൂലാ! ജിന്ന് ചെയ്തപണിയാ മുമ്പും ഇത്‌പോലെ പലരേം മൂത്രപ്പുരേലും പള്ളിക്കാട്ടിലും ഒക്കെ കൊണ്ട് പോയിട്ടിട്ടുണ്ട്."
മാനു കണ്ണ് തുറന്നുനോക്കുമ്പോള്‍ തന്നെ ആരൊക്കെയോപിടിച്ചുകൊണ്ടുപോകുന്നു. എന്തെങ്കിലും പറയാന്‍ കഴിയും മുമ്പ് അവനെ രായീന്‍ മുസ്ലിയാരുടെ ഭ്രാന്ത് ചികിത്സാകേന്ത്രത്തിലെ സെല്ലില്‍ അടച്ചിരുന്നു.
മുറുക്കാന്‍
ഒരുപെരുന്നാള്‍തലേന്ന് കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാലും വായനിറയെ മുറുക്കാനിട്ട് ചവക്കുന്നസ്ഥിരം പരിപാടിക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അയാളില്‍നിന്നൊരു മറുപടികിട്ടണമെങ്കില്‍ വായിലെ മുറുക്കാന്‍ ദീര്‍ഗ്ഗദൂര മിസൈല്‍ പൊലെ പുറത്തേക്ക് പായിക്കുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നു.
കച്ചവടത്തിരക്കിനിടയില്‍പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് കുതിച്ചുവന്ന് നിന്നത്.
ഭരണം മറുപക്ഷത്തിന്റെ കയ്യിലായതിനാല്‍ ഇക്കാക്ക് പഴയ ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് കരുതിവെച്ചടാര്‍പ്പായ കൊണ്ട് പെട്ടെന്ന് പടക്കങ്ങള്‍ മൂടി ഒന്നും അറിയാത്തപൊലെ നിന്നു.
ജീപ്പ്പില്‍ നിന്നും ചാടി ഇറങ്ങിയ എസ്.ഐ കടയ്ക്കുമുമ്പില്‍ മൂടിയിട്ടിരിക്കുന്ന ടാര്‍പ്പായ ചൂണ്ടി ചോദിച്ചു.
‘എന്താടോ ഇതിനടിയില്?‘
‘അത് കൊറച്ച് അടക്കേണ് ഒണക്കാന്‌ട്ടതാണ്...‘ ഇക്കഭാവഭേതമൊന്നും കൂടാതെ പറഞ്ഞു.
‘ഒണക്കാനിട്ടതിന്റെ മേലെ എന്തിനാടാര്‍പ്പായ ഇടുന്നത്?‘ ഒന്ന് കാണണമല്ലോ.എസ്. ഐ. പരുക്കന്‍ സ്വരത്തില്‍ പ്രതികരിച്ചു.
‘ഏയ് അത് തുറന്നുനോക്കരുത്‘. ഇക്ക എസ്.ഐ.ക്ക് മുന്നിലേക്ക് കയറിനിന്നു.
എസ്.ഐ.മുഖത്തെ കൂളിംഗ് ഗ്ലാസ് ഊരി ഇക്കയെ മൊത്തം ഒന്ന് നോക്കി.
മുട്ടിനുമുകളില്‍ മടക്കിക്കുത്തിയ പച്ച കള്ളിമുണ്ടും വെറ്റിലക്കറയുള്ള ഇളം പച്ചക്കുപ്പായവും വേഷം. വായില്‍ നിറച്ചിട്ട് വെറ്റില ചവക്കുന്നു.ഒരു എസ്. ഐ. മുന്നില്‍നില്‍ക്കുന്ന യാതൊരു ബഹുമാനവുമില്ല. പെട്ടെന്നാണ് എസ്.ഐ. ക്ക് ആകാര്യം ഓര്‍മ്മ വന്നത്. കഴിഞ്ഞ ആഴ്ച പോലീസിന് നേരെ കല്ലെറിഞ്ഞ ആ പ്രകടനക്കാരില്‍ ഇയാളെപ്പോലെ ഒരാള്‍ ഉണ്ടായിരുന്നു.
കോപത്തോടെ എസ്. ഐ ആക്രോശിച്ചു.
‘ഇത് തൊറന്ന് നോ ക്കിയാല്‍ താനെന്തോചെയ്യും?‘.
ഇക്കയുടെ മാറില്‍ പിടിച്ചുകൊണ്ടുള്ള ആചോദ്യംകേട്ട് കുപിതനായ ഇക്ക യുടെ മരുപടി തെറി യായി പുറത്ത് വന്നു.
‘പോടാ നായിന്റെമോനെ!... ‘
എസ്.ഐ.യുടെ കോപം വലതു കയ്യിലേക്ക് വ്യാപിച്ചു. അത്ശക്തിയോടെ മടങ്ങിനിവര്‍ന്നവസാനിച്ചത് ഇക്കയുടെ കരണത്ത്!.
ഒരു പല്ല് സഹിതം ഇക്കയുടെ വായിലെ മുറുക്കാന്‍ മൊത്തം ഒരു പീരങ്കിയില്‍ നിന്നെന്നപോലെ എസ്.ഐ.യുടെ മുഖത്ത്!.
തിരോധാനം
ഞങ്ങള്‍കൂട്ടുകാര്‍ക്കെല്ലാം അവനൊരുചര്‍ച്ചാവിഷയവുമായിരുന്നു. എന്നാല്‍ ആരെങ്കിലും കളിയാക്കുന്നതോ പരിഹസിക്കുന്നതോ ഒന്നും അവനൊരുപ്രശ്നമായികരുതാറേ ഇല്ല. ഉദ്ധേശിക്കുന്നകാര്യങ്ങള്‍ പരിണതഫലങ്ങളൊന്നും ആലോചിക്കാതെ എടുത്തുചാടിനടപ്പിലാക്കലവന്റെ ഒരുശീലമായിരുന്നു.
ഞങ്ങളുടെകൂട്ടത്തിലെസാഹിത്യകാരനും കലാകാരനുമായ ഉമ്മറിനൊട് അന്നൊരിക്കല്‍ അവനൊരുകാര്യം ആവശ്യപ്പെട്ടു. സംഗതിമറ്റൊന്നുമല്ല അവന്റെ അയല്‍ വാസിനിയും കോളേജ് വിദ്ധ്യാര്‍ത്ഥിനിയുമായ ഒരു സര്‍പ്പസുന്ദരിക്ക് പ്രേമലെഖനമെഴുതിക്കൊടുക്കലായിരുന്നുകാര്യം.
ഉമ്മര്‍ ആകാര്യം വളരെഭംഗിയായിനിര്‍വഹിക്കുകയും ചെയ്തു. കോളേജ് കുമാരിക്കായതിനാല്‍ വളരെ സാഹിത്യപൂര്‍ണ്ണമായിരുന്നുരചന. എന്തായാലും ആകത്ത് അവള്‍ക്കുകയ്മാറാന്‍ ഹംസ ഒരുപാട് ശ്രമിച്ചു. പക്ഷെ അവളുടെ അടുത്തെത്തിയാലവന്റെമുട്ടുകാലുകള്‍ബെല്ലടിക്കുന്നു. അവസാനമവന്‍ രണ്ടുംകല്‍പ്പിച്ച് കത്ത് പോസ്റ്റ് ചെയ്തു.
അയച്ചതിന്റെ മൂന്നാംദിവസം സര്‍പ്പസുന്ദരി എന്ന എന്റെവര്‍ണ്ണന യാഥാര്‍ത്ഥ്യമാക്കുംവിധം തീപ്പൊരിപറക്കുന്നകണ്ണുകളൊടെ ഇടിവാള്‍ പോലെ അവള്‍ ഹംസയുടെ വീട്ടിലേക്ക് കുതിച്ചുവന്നു.
ഒറ്റമുണ്ടുംതോളിലൊരു തോര്‍ത്തുമിട്ട് തികഞ്ഞ ഒരുകര്‍ഷകന്റെ വേഷത്തില്‍നില്‍ക്കുകയായിരുന്ന ഹംസ ആകാഴ്ചകണ്ടു ഞെട്ടി. തന്റെമുന്നിലെ ചെടിച്ചട്ടിയിലെ ഒരു റോസാപൂവ് പറിച്ചവള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ച അവനുപക്ഷെ അവളുടെഭാവംകണ്ടപ്പോള്‍ തളര്‍വാദം പിടിച്ചപോലെയായി.
"എടാ ഹംസെ ജ്ജ്'ന്‍'ക്ക് കത്തയച്ചോ? അനക്ക് ഞാന്‍ശരിയാക്കിത്തരാം ന്റെബാപ്പങ്ങട്ട് വരട്ടെ കൊറെദിവസായി അനക്ക് സൂക്കെട് തുടങ്ങിയിട്ട്!".
വിഷ സര്‍പ്പത്തെപ്പോലെ ചീറ്റിക്കൊണ്ടവള്‍ തിരിച്ചുപോയി.
പി റ്റേ ദിവസംഞ്ഞെട്ടിക്കുന്ന ആവാര്‍ത്തകെട്ടാണു ഞങ്ങള്‍ നെരം പുലര്‍ന്നത്. ഹംസയെ കാണാനില്ല!
ഇന്നലെരാത്രി വീട്ടിലെത്തിയിട്ടില്ല. ആര്‍ക്കും ഒരു വിവരവുമില്ല.അവന്റെ വീട്ടുകാരെല്ലാംനാലുപാടും അന്വേഷിച്ചു. ആര്‍ക്കും യാതൊരുവിവരവുമില്ല
ഇന്നോനാളെയൊ തിരിച്ചെത്തുമെന്നുകരുതിയ ഞങ്ങള്‍ക്ക് നാലഞ്ച് ദിവസമായിട്ടും യാതൊരുവിവരവുമില്ലാതായപ്പോള്‍ പലപലസംശയങ്ങളും മുളപൊട്ടാന്‍ തുടങ്ങി.
അവന്റെ കൂട്ടുകാരായ ഞങ്ങളുടെ ചര്‍ച്ചക്കിടയില്‍ 'മന്താരം' എന്നടൈറ്റ് പേരില്‍ ഞങ്ങള്‍ വിളിക്കുന്ന മുജീബാണു ആദ്യമായി ആ സംശയം വെളിപ്പെടുത്തിയത്.
"ആപെണ്ണിന്റെ തന്ത അവനെ കൊന്ന് എതോകയത്തില്‍ താഴ്ത്തിയിരിക്കും. അല്ലെങ്കില്‍ എവിടെയെങ്കിലും കുഴിച്ചിട്ടിരിക്കും. അല്ലെങ്കില്‍ അവന്റെ എന്തെങ്കിലും വിവരമില്ലാതിരിക്കുമൊ?.
അങ്ങിനെ പലരെയും കുഴിച്ചിട്ടതും കുഴിച്ചിട്ടമൃതദേഹം പിന്നീട് അപ്രത്യക്ഷമായതുമായ പലകഥകളും ഞങ്ങളുടെ അയല്‍ നാടുകളില്‍നടന്നതിനാല്‍ ഇത് ഒരു സംശയം മാത്രമല്ല യാഥാര്‍ത്ഥ്യമാണു എന്നു ഞങ്ങല്‍ക്കും തോന്നി.
മാത്രമല്ല കൂട്ടത്തിലൊരാളായ ഇസ് മാ ഈല്‍ അദ്ധേഹത്തെ സംഭവ ദിവസം അര്‍ദ്ധ രാത്രിക്ക് ശേഷം വളരെ ക്ഷീണിതനായി എവിടെനിന്നൊ വരുന്നത് കണ്ടതായും അറിയിച്ചതോടെ സംശയം ഞങ്ങള്‍ക്ക് ഉറപ്പാവുകയും ചെയ്തു.
എന്നാലും ഒരു കത്തയച്ചതിനു ഒരാളെ കൊല്ലുക! ഈക്രൂരത ചെയ്തവനെവെറുതെവിടാമോ? എല്ലാവരിലും പ്രതിഷേധം അണപൊട്ടി. അവന്റെ വീട്ടുകാരെ കൊണ്ട് കേസ് കൊടുപ്പിക്കണം! കുറ്റവാളി ഉടനെ പിടിക്കപ്പെടണം.
എന്ത് തെറ്റാണ്ഹംസ ചെയ്തത്?. ഏതൊരാള്‍ക്കും തോന്നും പോലെ അവനും ഒരുപെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയിരിക്കാം കത്തും അയച്ചിരിക്കാം. അതിനപ്പുറമൊരുതെറ്റും അവന്‍ ചെയ്തില്ലല്ലോ. എന്തായാലും ആക്രൂരനെ വെറുതെ വിട്ടുകൂടാ. സത്യം തെളിയും വരെ നമുക്കുസമരംചെയ്യണം.എല്ലാവരും ഒരുമിച്ചാണത് തീരുമാനിച്ചത്.
അണപൊട്ടുന്ന രോഷവുമായി ഉമ്മര്‍ അന്ന് ഉറങ്ങാന്‍ കിടന്നത് കൊണ്ടായിരിക്കണം രാവിലെ പത്ത് മണിക്കാണ് ഉറക്കമുണര്‍ന്നത്. അപ്പൊഴാണ്അവന്റെ ചിന്തകള്‍ മറ്റൊരു ദിശയിലെക്കുനീങ്ങിയത്
പൊലീസ് അന്വേഷണം നടത്തിയാല്‍ ആകത്ത് കണ്ടെടുക്കും കത്തിന്റെ യഥാര്‍ത്ഥ ശില്‍പി ഞാനാണെന്നസത്യം പുറത്ത് വരും അവന്‍ ആവശ്യപ്പെട്ടിട്ടാണെങ്കിലും താനെഴുതിയ കത്താണല്ലൊ ഈദാരുണസംഭവത്തിനുകാരണം. അത് കൊണ്ട് തന്നെയായിരിക്കും പൊലീസ് ആദ്യം പിടിക്കുന്നത് അത് ആലോചിക്കും തോറും ഉമ്മറിനുവിറക്കാന്‍ തുടങ്ങി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വയ്യ പുതപ്പിട്ടു മൂടിയിട്ടും വിറക്കുന്നു.
ഉടനെ ഉമ്മയുടെ ഡിജിറ്റല്‍ശബ്ദം പുറത്ത് നിന്നും മുറിയിലേക്ക് കയറിവന്നു.
"നേരം പത്ത് മണിയായിട്ടും ഒരുമുത്തന്‍ മന്‍സന്‍ കെടന്ന് ഒറങ്ങണുകണ്ടീലെ? എനീറ്റ് പോയി പല്ലുതേച്ച് വല്ലതും തിന്നെടാ"
"ന്‍ ക്ക് വയ്യ പനിക്കുന്നു" ഉമ്മര്‍ വിറച്ചുകൊണ്ട് പറഞ്ഞു.
ഉമ്മതൊട്ടു നൊക്കി. നന്നായിപനിക്കുന്നു. "സരിയാണല്ലൊ"എന്നും പറഞ്ഞുകൊണ്ട് ഉമ്മ ജ്യേഷ്ടന്‍ അബൂബക്കറിനെ നീട്ടിവിളിച്ചു. അബൂബക്കര്‍ അല്‍പ്പം മന്ത്രവും ചികിത്സയുമെല്ലാം വശമുള്ള ആളാണ്.
"അബോക്കറെ ജ്ജ് ലേസം ബെള്ളം മന്ത്രിച്ചാ ഇബനുനല്ലസുഖം ല്ലാ".
"ഉമ്മ ഒന്നു മിണ്ടാതിരി ഒരു മന്ത്രം!"ഉമ്മര്‍ പിറുപിറുത്തു.
അബൂബക്കര്‍ മന്ത്രിച്ചവെള്ളവുമായി ഉമ്മ ഉടനെ എത്തി. നിര്‍ബന്ധിച്ച് അത് കുടിപ്പിച്ചു.
ഉടനെ പുറത്തൊരുസൈക്കിളിന്റെ ശബ്ദം കേട്ടു പോസ്റ്റ് മാനാണ്. അബൂബക്കര്‍പുറത്തേക്കിറങ്ങി
ഉമ്മറിനൊരു കത്തുണ്ട് എന്നും പറഞ്ഞ് കത്തുമ്മറിനുനല്‍കി
ഉമ്മര്‍ കത്ത് പൊട്ടിച്ചുവായിച്ചു. പ്രിയപ്പെട്ട ഉമ്മറിന്.
ഞാനാണ് ഹംസ . ആകത്ത് വലിയ പ്രശ്നമായ വിവരം നീ അറിഞ്ഞിരിക്കും അത് കൊണ്ട് അവളുടെ തന്ത യുടെ കയ്ചൂടറിയുന്നതിനുമുന്‍പ് ഞാന്‍ ബാംഗ്ലൂരിലെക്ക് പോന്നു. ഇവിദെ ഒരു ഹോട്ടലില്‍ജോലികിട്ടി.മോശമില്ല.എതായാലും അടുത്തൊന്നും ഞാന്‍ നാട്ടിലേക്കില്ല.പ്രശ്നം വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം.
കത്ത് വായിച്ചു തീര്‍ന്നതോടെ ഉമ്മര്‍ ഒന്നാഞ്ഞ് നിശ്വസിച്ചു.
ഹംസക്ക് എഴുതാനറിയില്ല ആരെക്കൊണ്ടോ എഴുതിച്ചതാണ്.
ഹൊ! ഇതിനായിരുന്നോ ഞാന്‍ വിറച്ചുപനിച്ചത്?
ഉമ്മ അടുത്ത് വന്ന് നെറ്റിയില്‍ തൊട്ടുനൊക്കി നല്ലതണുപ്പ്.
ഹാ! പനിപോയല്ലൊ!.എഡാ അനക്കൊന്നും ബിസ്വാസംണ്ടാവൂലാ പ്പം കണ്ടോജ്ജ് മന്ത്രത്തിന്റെ ഫലം?.
Subscribe to Posts [Atom]